ദുബൈ: ഈ വർഷത്തെ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 29 വരെ. വിനോദ വിസ്മയങ്ങൾ, സംഗീത കച്ചേരികൾ, ഫാഷൻ പരേഡുകൾ, ഷോപ്പിംഗ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, നറുക്കെടുപ്പുകൾ എന്നിങ്ങനെ 46 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പരിപാടിയാണ് ഇത്തവണത്തേത്. മേളയുടെ ഇരുപത്തിയെട്ടാം പതിപ്പാണിത്.
ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് ആണ് ഡിഎസ്എഫ് സംഘടിപ്പിക്കുന്നത്. നഗരത്തിൽ ഡ്രോണുകളുടെ ലൈറ്റ് ഷോയും ഉണ്ടാകും.
ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ദുബൈ സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിങ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരവസരമാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 28ാമത് എഡിഷൻ ഒരുക്കുകയെന്ന് ഡി.എഫ്.ആർ.ഇ സി.ഇ.ഒ അഹ്മദ് അൽ ഖാജ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരിക്കും പരിപാടികൾ ആസൂത്രണംചെയ്യുന്നത്. ഭാഗ്യശാലികൾക്ക് കൈനിറയെ സമ്മാനം നേടാനുള്ള അവസരംകൂടിയാകുമിത്. സംരംഭകർക്കും സ്ഥാപനങ്ങൾക്കും കൂടുതൽ ഉണർവ് നൽകുന്നതായിരിക്കും ഫെസ്റ്റിവലെന്നും അദ്ദേഹം പറഞ്ഞു.