Sunday, May 16, 2021
Home Uncategorized കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍

കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍

വാസ്‌കോ: ഐ.എസ്.എല്ലില്‍ കാത്തിരുന്ന ഇന്ത്യന്‍ എല്‍ ക്ലാസികോയില്‍ മോഹന്‍ ബഗാന്‍തന്നെ കേമന്മാര്‍. ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് എ.ടി.കെ മോഹന്‍ ബഗാന്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി.

ആദ്യ പകുതിയില്‍ എതിരാളിയെ കളിക്കാന്‍ വിട്ട്, രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കിയായിരുന്നു ബഗാന്‍ ആക്രമണം. കളിയുടെ 49ാം മിനിറ്റില്‍ റോയ് കൃഷ്ണയും 85ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങുമാണ് വിജയ ഗോളുകള്‍ നേടിയത്.

സീസണില്‍ ബഗാന്റെ രണ്ടാം മത്സരമായിരുന്നു ഇത്. ഈസ്റ്റ് ബംഗാളിന് സൂപ്പര്‍ ലീഗിലേക്കുള്ള അരങ്ങേറ്റവും. സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണക്കൊപ്പം കഴിഞ്ഞ സീസണിലെ കൂട്ടാളിയായ ഡേവിഡ് വില്യംസിനെയാണ് കോച്ച് അന്‍േറാണിയോ ഹബാസ് പരീക്ഷിച്ചത്. ബ്ലാസ്‌റ്റേഴ്‌സിനെതിരെ കളിച്ച എഡുഗാര്‍ഷ്യക്ക് ബെഞ്ചിലും ഇടം നല്‍കിയില്ല.

ആന്റണി പില്‍കിങ്ടണ്‍, ബല്‍വന്ത് സിങ് എന്നിവരിലൂടെ തുടങ്ങിയ ഈസ്റ്റ് ബംഗാള്‍ മുന്നേറ്റത്തെ ടിരി, പ്രിതം കോട്ടല്‍, സന്ദേശ് ജിങ്കാന്‍ എന്നിവരടങ്ങിയ ബഗാന്‍ പ്രതിരോധം മനോഹരമായി ചെറുത്തുനിന്നു. ഗോളി അരിന്ദം ഭട്ടാചര്യയും മികച്ച ഫോമിലായിരുന്നു. ഒന്നാം പകുതിയില്‍ ബല്‍വന്തിന്റെയും പില്‍കിങ്ടണിന്റെയും അരഡസന്‍ അവസരങ്ങളെങ്കിലും ബഗാന്‍ പ്രതിരോധം അരിഞ്ഞിട്ടു.

Most Popular