ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ വ്യാഴാഴ്ച മുതല്‍ ഘട്ടംഘട്ടമായി നാട്ടിലെത്തിക്കാന്‍ തീരുമാനം. യാത്രയ്ക്കുള്ള ടിക്കറ്റ് ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
പ്രവാസികളുട മടങ്ങിവരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു തയാറാകാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. കപ്പലിലോ പ്രത്യേകം വിമാനത്തിലോ ആയിരിക്കും യാത്ര.
ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂര്‍ണ പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമേ യാത്ര അനുവദിക്കൂ. നാട്ടിലെത്തിയ ശേഷം ഇവര്‍ ആരോഗ്യ സേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ആശുപത്രിയിലോ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക കേന്ദ്രത്തിലോ ക്വാരന്റൈന്‍ ചെയ്യും. 14 ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തി ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. വിശദ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം വെബ്‌സൈറ്റ് വഴി അറിയിക്കും.
ആദ്യം ഏത് രാജ്യത്ത് നിന്നാണ് വിമാനം വരുന്നത് എന്ന കാര്യം വ്യക്തമല്ല. മാലദ്വീപില്‍ കുടുങ്ങിയ 200ഓളം ഇന്ത്യക്കാരെ ഒരാഴ്ച്ചയ്ക്കകം കപ്പില്‍ കൊച്ചിയില്‍ എത്തിക്കുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.