
ദോഹ: ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സിബിഷൻ എക്‌സ്‌പോ 2023 ദോഹ സംഘടിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ 80 ശതമാനം ജോലികളും പൂർത്തിയായതായി മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈ വ്യക്തമാക്കി.
ശേഷിക്കുന്ന 20 ശതമാനം പ്രവൃത്തികളിൽ ചില പവലിയനുകളും താൽക്കാലിക സൗകര്യങ്ങളുംഒക്ടോബറിനുമുമ്പ് കൃത്യസമയത്ത് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും എക്‌സ്‌പോ 2023 ദോഹ കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി പറഞ്ഞു.
അൽ ബിദ്ദ പാർക്കിൽ 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ആറ് മാസം നീണ്ടുനിൽക്കുന്ന എക്‌സ്‌പോയിൽ 3 ദശലക്ഷത്തിലധികം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.