Wednesday, August 4, 2021
Home Gulf 25 വര്‍ഷമായി ഷാര്‍ജയിലെ ഒറ്റമുറിയില്‍ കുടുങ്ങി ഒരുമ്മയും മക്കളും

25 വര്‍ഷമായി ഷാര്‍ജയിലെ ഒറ്റമുറിയില്‍ കുടുങ്ങി ഒരുമ്മയും മക്കളും

ഷാർജ: പുറംലോകവുമായി ഒരു ബന്ധവുമില്ല. 25 വയസായ മകനും മകളും സ്കൂളിന്റെ പടി പോലും കണ്ടിട്ടില്ല. ഷാർജയിലെ ഒറ്റമുറി വീട്ടിൽ നിന്ന് കേൾക്കുന്നത് സങ്കടങ്ങളുടെ പെരുമഴയാണ്. താമസ രേഖകളില്ലാത്തതിന്റെ പേരിൽ കഴിഞ്ഞ 25 വർഷമായി ശ്രീലങ്കക്കാരി സുഹ്‌റാബീവിയും മക്കളും ധൈര്യത്തോടെ വീടിനു വെളിയിലിറങ്ങിയിട്ടില്ല. വൈക്കം സ്വദേശി സന്തോഷിന്റെ ഭാര്യയും മക്കളുമാണ് ഇവർ.

1991-ലാണ് ശ്രീലങ്കക്കാരി സുഹ്‌റാ ബീവി വീട്ടുജോലി തേടി അബുദാബിയിലെത്തിയത്. തൊഴിലെടുത്ത ഈജിപ്ഷ്യന്‍ കുടുംബത്തില്‍ നിന്ന് ദേഹോപദ്രവം കൂടിയതോടെ അവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നീട് വൈക്കം സ്വദേശി സന്തോഷുമായി പ്രണയത്തിലായി. തൊഴിലെടുത്തിരുന്ന കുടുംബം പാസ്സ്‌പോർട്ട് വിട്ടുനൽകാതെ വന്നതോടെ വിവാഹം പോലും നിയമപരമായി രജിസ്റ്റർ ചെയ്തില്ല. നിയമ വിരുദ്ധമായുള്ള താമസം ഒന്നിനും പിറകെ ഒന്നായി ദുരിതങ്ങൾ സമ്മാനിച്ചുകൊണ്ടേയിരുന്നു. നിയമപരമായ ഒരു രേഖ പോലും ഇല്ലാത്തതിനാൽ 2 മക്കളെ പ്രസവിച്ചതും വീട്ടിൽത്തന്നെയായിരുന്നു. 2012 ൽ കച്ചവടത്തിൽ പങ്കാളി ചതിച്ചതോടെ ഭർത്താവ് സന്തോഷ് ജയിലാവുകയും പിന്നീട് നാടുകടത്തുകയും ചെയ്തു. സന്തോഷ് മാസങ്ങള്‍ക്കകം ഒമാന്‍ വഴി നിയമ വിരുദ്ധമായി ദുബൈയില്‍ എത്തിയെങ്കിലും പൊലീസ് പിടിയിലായി വീണ്ടും നാടുകടത്തി. പിന്നീടാണ് ആരോരും സഹായമില്ലാത്ത ഇവരുടെ ദുരിത ജീവിതം തുടങ്ങുന്നത്. സുഖമില്ലാതയാൽ ആശുപത്രിയിൽ പോകാനോ അല്ലെങ്കിൽ വീട്ടിലേക്കുള്ള സാധനങ്ങൾ ധൈര്യമായി കടയിൽ പോയി വാങ്ങാനോ ഇവർക്ക് കഴിയാറില്ല. പുറത്തിറങ്ങുന്നതുതന്നെ ചുരുക്കം.

വിദ്യാഭ്യാസമോ ജോലിയോ നേടാൻ കഴിയാത്തതിന്റെ നിരാശ മക്കളിലും കാണാം. ഒറ്റമുറി വീട്ടിൽ സുഹൃത്തുക്കൾ പോലുമില്ലാതെ വല്ലാത്തൊരവസ്ഥയിലാണെന്നു മക്കളും പറയുന്നു.

ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ബേബി സിറ്റിംഗ് നടത്തികിട്ടുന്ന കാശുകൊണ്ടാണ് സുഹ്‌റ മക്കളെ വളര്‍ത്തിയത്. കൊവിഡ് വന്നതോടെ അതും മുടങ്ങി. ഇനിയും പിടിച്ചുനിൽക്കാൻ കഴിയുമോയെന്ന് സുഹറയ്ക്കറിയില്ല, എങ്ങനെയെങ്കിലും നാട്ടിൽ പിതാവിനരികെ എത്തണമെന്നുതന്നെയാണ് മക്കളുടെയും ആഗ്രഹം. അധികാരികൾ കനിയണമെന്നാണ് അപേക്ഷ.

Most Popular