ദോഹ: രണ്ട് മാസം നീണ്ട ട്രോളിങ് നിരോധനം അവസാനിച്ചതോടെ ഖത്തറില്‍ മല്‍സ്യബന്ധന തുറമുഖങ്ങള്‍ വീണ്ടും സജീവമായി. അല്‍ ഖോര്‍, റുവൈസ്, അല്‍ വക്റ, ദോഹ തീരങ്ങളില്‍ ആഴ്ച്ചകളായി പൊടിപിടിച്ച് കിടന്നിരുന്ന മീന്‍പിടിത്ത ബോട്ടുകള്‍ വീണ്ടും കടലിലിറങ്ങി. അല്‍ വക്റ തുറമുഖത്ത് കഴിഞ്ഞ ദിവസം കടലില്‍ നിന്ന് മടങ്ങി എത്തിയ ആറോളം ബോട്ടുകള്‍ക്ക് നിറയെ മീന്കിട്ടിയതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. അല്‍ ഖോറിലും സമാനമാണ് സ്ഥിതി. ഷേരി, കരിപ്പെട്ടി തുടങ്ങിയ ഇനം മീനുകളാണ് കൂടുതലായും ലഭിച്ചത്.
ആഗസ്ത് മധ്യം മുതല്‍ മീനുകളുടെ പ്രജനന കാലത്തോടനുബന്ധിച്ചാണ് ഖത്തര്‍ സര്‍ക്കാര്‍ ട്രോളിങ് വലകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിക്കുന്നത്. രണ്ട് മാസത്തോളമാണ് നിരോധനം. ഈ സമയത്ത് ചൂണ്ടയും ചെറുവലകളും മാത്രമാണ് അനുവദിക്കുക.
ട്രോളിങ് നിരോധനം അവസാനിച്ചതോടെ പ്രാദേശിക മല്‍സ്യങ്ങള്‍ കൂടുതലായി മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങും. ഇതോടെ വിലയിലും കുറവ് വരും. തണുപ്പ് കൂടുന്നതോടെ മീനുകളുടെ ലഭ്യത ഇനിയും വര്‍ധിക്കുമെന്ന് സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് കാരണം നാട്ടില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഒരു പ്രമുഖ ഫിഷിങ് കമ്പനി വക്താവ് പറഞ്ഞു.
Fishing harbours in Qatar get active as trawling ban comes to an end