ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു

five more malayalees died in gulf dute to covid
ഹംസ അബുബക്കർ, മഹറൂഫ് മാളിയേക്കൽ, തങ്കച്ചന്‍ വര്‍ഗീസ്

ദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 42 ആയി. ഇതില്‍ 31 പേരും യുഎഇയിലാണ്.

യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ഇന്ന് മലയാളികള്‍ മരിച്ചത്. കണ്ണൂര്‍ സ്വദേശി കേളകം വരപോത്തുകുഴി തങ്കച്ചന്‍ വര്‍ഗീസ് ആണ് ഷാര്‍ജയില്‍ മരിച്ചത്. 58 വയസുണ്ട്. നാല് ദിവസമായി ഷാര്‍ജയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ഷാര്‍ജയില്‍ നഴ്‌സായ ഇയാളുടെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

അബൂദബിയില്‍ കോവിഡ് ബാധിച്ച് 49കാരനായ മൂര്‍ക്കനാട് പൊട്ടിക്കുഴി പറമ്പില്‍ മുഹമ്മദ് മുസ്തഫയാണ് മരിച്ച ഒരാള്‍. ഒരാഴ്ചയായി അബൂദബി മഫ്‌റക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.എടപ്പാള്‍ സ്വദേശിയും 62കാരനുമായ താഹിര്‍ മുഹമ്മദ് തെക്കുമുറി ദുബയ് ആശുപത്രിയിലും മരിച്ചു. യുഎഇയില്‍ 31ഉം സൗദിയില്‍ ഏഴും കുവൈത്തില്‍ മൂന്നും ഒമാനില്‍ ഒരു മലയാളിയുമാണ് കോവിഡ് ബാധിച്ച് ഇതിനകം മരിച്ചത്.

കുവൈത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കല്‍ (44) ആണ് മരിച്ചത്. ജാബിര്‍ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 20 നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വന്തമായി കമ്പനി നടത്തിവരികയായിരുന്നു. ഭാര്യയും രണ്ടും മക്കളും അടങ്ങുന്ന കുടുംബം കുവൈത്തിലുണ്ട്. ഭാര്യ: മഫീദ. മക്കള്‍: മനാല്‍, മന്‍ഹ. പിതാവ്: മുഹമ്മദ് കോയ. മാതാവ്: ഇമ്പിച്ചി പാത്തുമ്മബി. സഹോദരങ്ങള്‍: സഹ്‌റത്ത് ( യു എ ഇ), ഷംസുദ്ദീന്‍, അസ്ലം, അന്‍വര്‍, അക്മല്‍, റിയാസ് (കുവൈത്ത്), ഫിന്‍സല്‍, സജിദ, ഹൈറുന്നിസ, സുഹ്‌റാബി

മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59) മദീനയില്‍ കോവിഡ് ബാധിച്ചു മരിച്ചു. മദീനയിലെ അല്‍ബൈക് റീജ്യനല്‍ മാനേജരായിരുന്നു. 42 വര്‍ഷമായി ഈ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

Five Malayalees die today from coronavirus in various Gulf countries With this, the number of Malayalees who died of Kovid in the Gulf has reached 40.