Saturday, July 31, 2021
Home Gulf ഫ്‌ളാറ്റുകളിലും ബാച്ചിലര്‍ മുറികളിലും 'നല്ലോണ'മുണ്ണാന്‍ ഗള്‍ഫ് മലയാളികള്‍; ഓഫറുകള്‍ തേടി ഹൈപര്‍ മാര്‍ക്കറ്റുകളിലെ ഉത്രാടപ്പാച്ചില്‍

ഫ്‌ളാറ്റുകളിലും ബാച്ചിലര്‍ മുറികളിലും ‘നല്ലോണ’മുണ്ണാന്‍ ഗള്‍ഫ് മലയാളികള്‍; ഓഫറുകള്‍ തേടി ഹൈപര്‍ മാര്‍ക്കറ്റുകളിലെ ഉത്രാടപ്പാച്ചില്‍

ദോഹ: ആഗസ്ത് അവസാനത്തില്‍ തുടങ്ങി ക്രിസ്മസും കടന്ന് പുതുവല്‍സരം വരെ നീളുന്നതാണ് ഗള്‍ഫ് മലയാളികളുടെ ഓണാഘോഷം. പഞ്ചാരിവാദ്യം, മാവേലി എഴുന്നള്ളത്ത്, നൃത്തനൃത്യങ്ങള്‍, പൂക്കളമത്സരം, ഓണസദ്യ, സാംസ്‌കാരിക സമ്മേളനം, ഗാനമേള, എന്നിങ്ങനെ അത് നീളും. എന്നാല്‍, പ്രവാസി സംഘടനകള്‍ മത്സരിച്ച് നടത്തുന്ന ഓണാഘോഷത്തിന്റെ പൊലിമ കോവിഡ് മഹാമാരി ഒട്ടൊന്നുമല്ല അട്ടിമറിച്ചത്. എങ്കിലും ഓണാഘോഷം ലളിതമായി വീടിനുള്ളിലെങ്കിലും ഭംഗി ഒട്ടും ചോര്‍ന്നുപോകാതെ ആഘോഷിക്കാന്‍ ശ്രമിക്കുകയാണ് പ്രവാസി മലയാളികള്‍.

പൊന്നോണം പടിവാതില്‍ക്കലെത്തിയതോടെ വിപണിയില്‍ ഓഫറുകളുടെ ആഘോഷമേളമാണ്. നാടന്‍ പച്ചക്കറികളുടെയും ഓണക്കിറ്റുകളുടേയും കലവറയൊരുക്കിയ ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വമ്പന്‍ ഓഫറുകളുമായാണ് ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്കു പൊതുവേ വില ഉയര്‍ന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഇതാശ്വാസമായി.

വ്യാഴം രാത്രി മുതല്‍ കടകളില്‍ വന്‍തിരക്കാണ്. അവധി ദിവസമായ ഇന്നലെ രാവിലെ മുതല്‍ തിരക്ക് കൂടി. ഇന്നും നാളെയും ജോലിക്കു പോകേണ്ടതിനാല്‍ ഓണസദ്യയ്ക്കുള്ള പരമാവധി സാധനങ്ങള്‍ നേരത്തേ വാങ്ങിവയ്ക്കുകയാണ് പലരും. സ്‌കൂള്‍ തുറക്കുന്നതിനാല്‍ ബുക്കുകള്‍ക്കും പഠനോപകരണങ്ങള്‍ക്കും ഓഫറുകളുണ്ട്.

pookalam

യുഎഇയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സാമ്പാര്‍-അവിയല്‍ കിറ്റുകള്‍ക്ക് 4 ദിര്‍ഹം മുതലാണ് വില. ഇലയൊന്നിന് 35 ഫില്‍സ്. ഓരോ കടയിലും വിലയില്‍ നേരിയ വ്യത്യാസമുണ്ട്. പ്ലാസ്റ്റിക് കവറില്‍നിന്നു മാറ്റി വെള്ളം തളിച്ച് എസി മുറിയില്‍ സൂക്ഷിച്ചാല്‍ ഇല കേടു കൂടാതെയിരിക്കുമെന്ന് വീട്ടമ്മമാര്‍ പറയുന്നു. ഖത്തറില്‍ ഒരു റിയാല്‍ നല്‍കിയാല്‍ 3 വാഴയില വരെ ലഭിക്കും. കീറി പോകാതെ സൂക്ഷ്മതയോടെ പേപ്പര്‍ ബോക്സില്‍ ഭദ്രമായി തന്നെയാണ് വാഴയില കടല്‍ കടന്നെത്തിയത്.

ഒമാനില്‍ നിന്നുള്ള പച്ചക്കറിയും ധാരാളം എത്തിയിട്ടുണ്ട്. എങ്കിലും സദ്യ ഒരുക്കാന്‍ നാടന്‍ പച്ചക്കറി തന്നെ വേണമെന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗവും.

സുകൃത സ്മരണകളുടെ സമൃദ്ധിയോടെ ഇന്ന് ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഏറ്റവും മികച്ച ഓഫറുകള്‍ തേടിയുള്ള ഉത്രാടപ്പാച്ചിലാണ് ഇന്ന്. ഇന്നു പ്രവൃത്തി ദിവസമാണെങ്കിലും ഓഫിസുകളില്‍ നിന്നു നേരത്തേ ഇറങ്ങി അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടക്കും.

dubai aveer supermarket

പൂക്കള്‍ക്കും ആവശ്യക്കാരേറെയാണ്. വാടാമല്ലി, പലതരം ജമന്തിപ്പൂക്കള്‍, കനകാംബരം, മുല്ലപ്പൂ, തുളസി, താമര തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്. ദുബൈ കരാമയിലേയും ബര്‍ദുബയിലേയും പൂ വില്‍പനശാലകളില്‍ വന്‍തിരക്കനുഭവപ്പെടുന്നു. കൂടുതലായും വനിതകളാണ് എത്തുന്നത്.

ബാച്ചിലേഴ്‌സ് അടക്കം വലിയൊരുവിഭാഗം പൊന്നോണത്തിന് അവധി ഉറപ്പാക്കിയിട്ടുണ്ട്. സദ്യ ഗംഭീരമാക്കാന്‍ പാചകവിദഗ്ധരായ ചങ്ങാതിമാരെ പലരും ഫ്‌ളാറ്റുകളില്‍ എത്തിച്ചുകഴിഞ്ഞു. ഇന്നു വൈകിട്ടോടെ സദ്യയുടെ ഒരുക്കങ്ങള്‍ തുടങ്ങും. ഭീമന്‍ ചേനയും മത്തനും മറ്റു പച്ചക്കറികളും അടുക്കളയുടെ മൂലയില്‍ നിരന്നിട്ടുണ്ട്. പാലും തൈരും മറ്റു പച്ചക്കറികളുമായി ഫ്രിജ് ഹൗസ് ഫുള്‍. ഇന്നു രാത്രി ആര്‍ക്കും ഉറക്കമില്ല. പാചകത്തിനിടെ വിവിധ കലാപരിപാടികളും അരങ്ങേറുന്ന ഇന്ന് ഉത്രാടമെന്നാല്‍ പ്രവാസിക്ക് ഉത്സാഹരാത്രിയാണ്. വെളുപ്പിന് അല്‍പം ഉറങ്ങി രാവിലെ എഴുന്നേറ്റ് വിഭവങ്ങള്‍ തയാറാക്കുന്നതാണ് പതിവ്.

Most Popular