Saturday, April 17, 2021
Home Gulf ഹജ്ജ് സീസണ്‍ അവസാനിച്ചു; കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസമാകുന്നു

ഹജ്ജ് സീസണ്‍ അവസാനിച്ചു; കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസമാകുന്നു

മക്ക: ഹജ്ജ് നാലാം ദിവസമായ ഇന്നലെ ജമറാത്ത് പാലത്തിലേക്ക് കല്ലെറിയുന്ന ചടങ്ങ് കഴിഞ്ഞ് തീര്‍ഥാടകര്‍ മടങ്ങി. സീസണ്‍ അവസാനിച്ച അവസരത്തില്‍ വിശുദ്ധ സ്ഥലങ്ങളിലൊന്നും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാകുന്നു.

തീര്‍ഥാടകരുടെ ആരോഗ്യനില ഉറപ്പാക്കിയ ഈ സീസണില്‍ പൊതുജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് മൂന്നാം ദിവസം തീര്‍ഥാടകരുടെ തവാഫ് അല്‍-ഇഫാദ ആചാരം പൂര്‍ത്തിയാക്കിയ ഉടന്‍ ഗ്രാന്‍ഡ് പള്ളി അണുവിമുക്തമാക്കിയിരുന്നു. പകര്‍ച്ചവ്യാധി പ്രതിസന്ധി ഘട്ടമായതിനാല്‍ ഒരു ദിവസം 10 തവണ വരെ പള്ളി വൃത്തിയാക്കിയിട്ടുണ്ട്.

തീര്‍ഥാടകര്‍ തങ്ങളുടെ താമസസ്ഥലം വിട്ട് ആചാരങ്ങളില്‍ പങ്കെടുത്ത് തിരികെയെത്തുന്നതു വരെ അവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നതായി ഇത്തവണ വിശുദ്ധ ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത ഹെല്‍ത്ത് മെന്‍ഡര്‍ ഡോ. അമാനി അല്‍ സാദി പറഞ്ഞു.

ഹജ്ജ് ആവശ്യത്തിന് ഏര്‍പ്പെടുത്തിയ ബസ്സുകളില്‍ ഓരോ തീര്‍ഥാടകനും നിശ്ചിത ഇരിപ്പിടം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറ്റ് തീര്‍ഥാടകരുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത രീതിയിലാണ് ഒരുക്കിയിരുന്നത്. കൂടാതെ, ഓരോ താമസ സമുച്ചയത്തിലും മെഡിക്കല്‍ ക്ലിനിക്ക് സൗകര്യവും ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ നിരന്തരം തീര്‍ഥാടകരുടെ ആരോഗ്യനില പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്തു കൊണ്ടിരുന്നു.

കൃത്യമായി ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചതിനാല്‍ വിശുദ്ധസ്ഥലങ്ങളില്‍ രോഗവ്യാപനം ഇല്ലാതെ തന്നെ വിശുദ്ധഹജ്ജ് കര്‍മത്തിന്റെ ചടങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അധികൃതര്‍.

Most Popular