Friday, September 24, 2021
Home News Kerala സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; കുട്ടികള്‍ ഉള്‍പ്പെടെ നാലു മരണം; വ്യാപക നാശനഷ്ടം; ഇടുക്കിയിലും വയനാട്ടിലും...

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; കുട്ടികള്‍ ഉള്‍പ്പെടെ നാലു മരണം; വ്യാപക നാശനഷ്ടം; ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട്

കോട്ടയം: സംസ്ഥാനത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. വയനാട്, മലപ്പുറം ജില്ലകളിലാണ് മരണം. എറണാകുളത്ത് വള്ളം മുങ്ങി മൂന്നുപേരെ കാണാതായി. വയനാട്ടിലും ഇടുക്കിയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് കുറിച്യര്‍മലയില്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് വെങ്ങാത്തോട് കോളനിയില്‍ അഞ്ച് വയസുകാരി ഉണ്ണിമായയും മരം വീണ് വാളാട് ആറ് വയസുകാരി ജ്യോതികയും മരിച്ചു.

മലപ്പുറം എടവണ്ണ പത്തപ്പിരിയം കലന്തിയില്‍ കോളനിയിലെ സാബുവിനെ തോട്ടില്‍ മരിച്ചനിലയിലും കൂട്ടായിയില്‍ കടലില്‍ വള്ളംമുങ്ങി കാണാതായ സിദ്ദിഖിന്റെ മൃതദേഹം എറണാകുളം എളങ്കുന്നപ്പുഴയിലും കണ്ടെത്തി. എളങ്കുന്നപ്പുഴയില്‍ വള്ളംമുങ്ങി മൂന്നുപേരെ കാണാതായി. മൂന്നാര്‍ മറയൂര്‍ പാതയില്‍ പാലം ഒലിച്ചുപോയി. മലബാറിലെ മലയോരത്തും വ്യാപകനാശമുണ്ടായി. കോഴിക്കോട് വിവിധയിടങ്ങളില്‍ വീടുകള്‍ക്കു മുകളിലേക്കു മരം വീണ് മൂന്നുപേര്‍ക്ക് പരുക്കേറ്റു.

വീട് തകര്‍ന്ന് ബേപ്പൂരില്‍ മൂന്ന് വയസുകാരന്‍ ഗൗതം കൃഷ്ണയ്ക്ക് സാരമായി പരുക്കേറ്റു. ഇടുക്കി, വയനാട് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അപകടകരമായ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാന്‍ ജില്ലാഭരണകൂടങ്ങളോടു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ഇരു ജില്ലകളിലും രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടില്‍ മാത്രം 12 ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്.

മലബാറിൽ ശക്തമായ മഴ തുടരുന്നു. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. തിരുവമ്പാടി, കാരശ്ശേരി ഭാഗത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. മലയോര മേഖലകൾ ഉരുൾപ്പൊട്ടൽ ഭീഷണിയിലാണ്.  പുതുപ്പാടി, കോടഞ്ചേരി പുഴകളിൽ മലവെള്ളപ്പാച്ചിൽ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങൾ മുങ്ങി. നിലമ്പൂരിലും ഉരുൾപ്പൊട്ടലുണ്ടായി. മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ നിലമ്പൂരിൽ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 30 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചു.

മലപ്പുറം പോത്തുക്കല്ലിൽ മുണ്ടേരി പാലം ഒലിച്ചുപോയി. ഇതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപൊട്ടി കോളനികളിലുള്ളവർ ഒറ്റപ്പെട്ടു. മൂവാറ്റുപുഴയാർ തീരത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടൻപുഴ, കടവൂർ, നേര്യമംഗലം ഭാഗത്തും മുന്നറിയിപ്പുണ്ട്. ഈ ഭാഗങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റാൻ നിർദേശിച്ചു.

Heavy rainfall in Kerala: CWC warns of rivers rising

Most Popular