ഷാര്‍ജ: ഐ.പി.എല്ലില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ചു വിക്കറ്റ് ജയം.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 14.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി ഹൈദരാബാദ് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. തോല്‍വിയോടെ നവംബര്‍ രണ്ടിന് ഡല്‍ഹിക്കെതിരേ നടക്കുന്ന മത്സരം ബാംഗ്ലൂരിന് നിര്‍ണായകമായി.
32 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. മനീഷ് പാണ്ഡെ 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ (8) പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ സാഹ – പാണ്ഡെ സഖ്യം 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
10 പന്തില്‍ നിന്ന് മൂന്നു സിക്സടക്കം 26 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്. കെയ്ന്‍ വില്യംസണ് (8), അഭിഷേക് ശര്‍മ (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നിര്‍ണായക മത്സരത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന ഹൈദരാബാദ് ബൗളിങ് നിരയാണ് ബാംഗ്ലൂര്‍ ബാറ്റ്സ്മാന്മാര്ക്ക് മൂക്കുകയറിട്ടത്.
ദേവ്ദത്ത് പടിക്കല്‍ (5), വിരാട് കോലി (7) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. 31 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഓപ്പണര്‍ ജോഷ് ഫിലിപ്പാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. ഡിവില്ലിയേഴ്സിന് 24 പന്തില്‍ നിന്ന് 24 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
വാഷിങ്ടണ്‍ സുന്ദര്‍ (21), ക്രിസ് മോറിസ് (3), ഇസുരു ഉദാന (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഗുര്‍കീരത് സിങ് 15 റണ്‍സുമായി പുറത്താകാതെ നിന്നു.
ഹൈദരാബാദിനായി സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.