Monday, July 26, 2021
Home News National ഇന്ത്യയിൽ 65കാരിക്ക് 18 മാസത്തിനിടെ ജനിച്ചത് എട്ട് പെൺകുട്ടികൾ; സർക്കാർ രേഖകൾ കണ്ട് ഞെട്ടി ലീലാദേവി

ഇന്ത്യയിൽ 65കാരിക്ക് 18 മാസത്തിനിടെ ജനിച്ചത് എട്ട് പെൺകുട്ടികൾ; സർക്കാർ രേഖകൾ കണ്ട് ഞെട്ടി ലീലാദേവി

പാറ്റ്‌ന: ബീഹാറിലെ മുസഫർപൂരിൽ 65കാരിയായ ലീലാ ദേവി 18 മാസത്തിനിടെ എട്ട് കുട്ടികളെ പ്രസവിച്ചെന്ന് സർക്കാർ രേഖകൾ. ദേശീയ ആരോഗ്യ മിഷന്റെ മാതൃഗുണഭോക്തൃ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് ലീലാ ദേവിയും ഇക്കാര്യം അറിയുന്നത്.

21 വർഷം മുമ്പാണ് ലീലാ ദേവിക്ക് മകൻ ജനിച്ചത്. പ്രതിമാസം 1,400 രൂപയാണ് പദ്ധതി പ്രകാരം ലീലാ ദേവിക്ക് ലഭിച്ചത്. കഴിഞ്ഞാഴ്ച ആദ്യമായി പദ്ധതി തുക ലഭിച്ചപ്പോൾ ലീലാദേവി അധികൃതരുടെ അടുത്തെത്തി കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന് വിവരങ്ങളാണ്. പണം തിരിച്ചു നൽകിയ ലീലാ ദേവി തന്നെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും വിവരങ്ങൾ തെറ്റാണെന്നും അധികൃതരെ അറിയിച്ചു.

ലീലാ ദേവിയ്ക്ക് പുറമേ ജില്ലയിലെ പ്രായമായ 50ഓളം സ്ത്രീകളാണ് ‘ജനനി സുരക്ഷാ യോജന’ പദ്ധതി ആനുകൂല്യത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ ചിലരുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിട്ടുമുണ്ട്. 66 കാരിയായ ശാന്തി ദേവി എന്ന സ്ത്രീ ഒരു ദിവസം 10 മണിക്കൂർ വ്യത്യാസത്തിൽ രണ്ട് കുട്ടികളെ പ്രസവിച്ചെന്ന വിചിത്രമായ രേഖയും കൂട്ടത്തിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും ഇതിനായി പ്രത്യേക നാലംഗസമിതി രൂപീകരിച്ചതായും അധികൃതർ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ഇവിടുത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസ് പോയിന്റിലെ ജീവനക്കാരൻ സുശീൽ കുമാറാണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് വിരലടയാളം വേണം. സുശീൽ കുമാർ എങ്ങനെയാണ് വിരലടയാളമുപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതെന്ന് വ്യക്തമല്ല. ഇയാൾ ഒളിവിലാണ്. പണം തട്ടുന്നതിന് അധികൃതർ നടത്തിയ തിരിമറിയാണോ എന്നും സംശയമുണ്ട്.

Most Popular