Monday, April 12, 2021
Home Uncategorized ഖത്തറില്‍ നവജാതശിശുവിനെ കണ്ടെത്തിയ സംഭവം: നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ച; പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

ഖത്തറില്‍ നവജാതശിശുവിനെ കണ്ടെത്തിയ സംഭവം: നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ച; പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

ദോഹ: ഹമദ് വിമാനത്താവളത്തില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. വിമാനത്താവള അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കണ്ടെത്തിയതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജി.സി.ഒ) അറിയിച്ചു.

വനിതാ യാത്രക്കാരെ പരിശോധിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ്. നിയമലംഘനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി ഉണ്ടാവുമെന്നും ഇവരെ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിന് കൈമാറുമെന്നും ജി.സി.ഒ അറിയിച്ചു.
ലക്ഷകണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന വിമാനത്താവളത്തില്‍ ഇതാദ്യമാണ് ഇത്തരമൊരു സംഭവം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടത്.അതേസമയം, സ്ത്രീ യാത്രക്കാരെ ദേഹപരിശോധന നടത്തിയ സംഭവത്തില്‍ ഖത്തര്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി അറിയിച്ചു.

കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ ഖത്തറിന്റെ നടപടിക്കെതിരെ ആഗോള തലത്തില്‍ രൂക്ഷമായ പ്രതിഷേധമുയര്‍ന്നിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ഹമദ് വിമാനത്താവളത്തിലെ മാലിന്യപെട്ടിയില്‍ നവജാതശിശുവിനെ പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിനെ കണ്ടെടുത്ത ഉടന്‍ ദോഹ-സിഡ്‌നി വിമാനത്തിലെ ഓസ്‌ട്രേലിയക്കാരായ വനിതാ യാത്രക്കാരെ ശാരീരിക പരിശോധനയ്ക്ക് വിധേയമാക്കിയതിനെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസിന് വനിതകള്‍ പരാതി നല്‍കുകയും ഓസ്‌ട്രേലിയ ഖത്തറിന്റെ പ്രതികരണം തേടുകയും ചെയ്തിരുന്നു.

ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാവുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഇത്തരത്തിലൊരു സംഭവം വിമാനത്താവളത്തില്‍ ആദ്യമായാണ്. ദശലക്ഷക്കണക്കിന് യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തില്‍ ഇതിന് മുമ്പ് ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല.

Most Popular