Sunday, June 20, 2021
Home Uncategorized ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മധുരപ്രതികാരം; ജയം 317 റണ്‍സിന് ;പരമ്പരയില്‍ ഒപ്പത്തിനൊപ്പം

ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മധുരപ്രതികാരം; ജയം 317 റണ്‍സിന് ;പരമ്പരയില്‍ ഒപ്പത്തിനൊപ്പം

ചെന്നൈ: അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടമെന്ന സ്വപ്നത്തിലേക്ക് പന്തെറിഞ്ഞ അക്‌സര്‍ പട്ടേലിന്റെ മികവില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് വെറും 164 റണ്‍സില്‍ ഒതുക്കിയ ഇന്ത്യയ്ക്ക്, ചെന്നൈ ചെപ്പോക്കിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ വിജയം. 482 റണ്‍സിന്റെ അതീവ ദുഷ്‌കരമായ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലിഷ് പടയെ 164 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ, 317 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ സന്ദര്‍ശകര്‍ക്ക് ഒപ്പമെത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ വേദിയില്‍ 227 റണ്‍സ് വിജയവുമായി നാണംകെടുത്തിയ ഇംഗ്ലണ്ടിനെ, അതിലും വലിയ വിജയത്തോടെയാണ് ഇന്ത്യ പിടിച്ചുകെട്ടിയത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഫെബ്രുവരി 24 മുതല്‍ അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കും.

സ്‌കോര്‍: ഇന്ത്യ- 329, 286. ഇംഗ്ലണ്ട്-134, 164

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് നഷ്ടമായ 10 വിക്കറ്റുകളും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പങ്കിട്ടു. 21 ഓവറില്‍ 60 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത അക്‌സര്‍ പട്ടേലിന്റെ നേതൃത്വത്തിലാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. രണ്ട് ഇന്നിങ്‌സിലുമായി പട്ടേല്‍ ഏഴു വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത അശ്വിന്‍, ഇത്തവണ 18 ഓവറില്‍ 53 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് 6.2 ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അവസാന നിമിഷങ്ങളില്‍ ആളിക്കത്തിയ മോയിന്‍ അലി 18 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം 43 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി. 92 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ജോ റൂട്ട്, മൂന്നു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് എന്ന നിലയില്‍ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്, ആദ്യ സെഷനില്‍ നാലു വിക്കറ്റുകള്‍ കൂടി നഷ്ടമായി. ആദ്യ ദിനം ഇന്ത്യന്‍ ബോളിങ് ആക്രമണത്തെ പ്രതിരോധിച്ച് നിന്ന ഡാനിയല്‍ ലോറന്‍സ് (53 പന്തില്‍ 26), ഇംഗ്ലണ്ട് ഏറെ പ്രതീക്ഷ വച്ചിരുന്ന ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് (51 പന്തില്‍ എട്ട്), ഒലി പോപ്പ് (20 പന്തില്‍ 12), ബെന്‍ ഫോക്‌സ് (ഒന്‍പത് പന്തില്‍ രണ്ട്) എന്നിവരാണ് പുറത്തായത്. ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ ശേഷിച്ച വിക്കറ്റുകളും വീണു. ആദ്യ രണ്ടു വിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍ സ്വന്തമാക്കി. പോപ്പിനെ അക്‌സര്‍ പട്ടേലും ഫോക്‌സിനെ കുല്‍ദീപ് യാദവും പുറത്താക്കി. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (42 പന്തില്‍ 25), ഡൊമിനിക് സിബ്‌ലി (25 പന്തില്‍ മൂന്ന്), നൈറ്റ് വാച്ച്മാന്‍ ജാക്ക് ലീച്ച് (0) എന്നിവര്‍ മൂന്നാം ദിനം തന്നെ പുറത്തായിരുന്നു.

അശ്വിനെ കയറിക്കളിക്കാനുള്ള ശ്രമത്തില്‍ ലോറന്‍സിനെ ഋഷഭ് പന്ത് തന്ത്രപരമായി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 53 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്താണ് ലോറന്‍സ് മടങ്ങിയത്. ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച ബെന്‍ സ്റ്റോക്‌സിനെയും അശ്വിന്‍ തന്നെ വീഴ്ത്തി. അശ്വിന്റെ പന്ത് ടേണ്‍ ചെയ്യുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടാഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിച്ച സ്റ്റോക്‌സിന് പിഴച്ചു. ബാറ്റിലും പാഡിലും തട്ടിയ പന്ത് സ്ലിപ്പില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കൈകളിലൊതുങ്ങി.

മികച്ച രീതിയില്‍ തുടങ്ങിയ ഒലി പോപ്പിന്റെ ഊഴമായിരുന്നു അടുത്തത്. തീര്‍ത്തും പ്രതിരോധത്തിലേക്ക് വലിയാതെ ആക്രമണം കൂടി ചേര്‍ത്ത് റൂട്ടിനു കൂട്ടുനിന്ന പോപ്പിനെ, അക്‌സര്‍ പട്ടേലാണ് വീഴ്ത്തിയത്. 20 പന്തില്‍ ഒരു ഫോര്‍ സഹിതം 12 റണ്‍സെടുത്ത പോപ്പിനെ അക്‌സറിന്റെ പന്തില്‍ ഇഷാന്ത് ശര്‍മ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ ആറു വിക്കറ്റിന് 110 റണ്‍സ് എന്ന നിലയിലായി ഇംഗ്ലണ്ട്. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പ് ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായിരുന്ന ബെന്‍ ഫോക്‌സിനെ കുല്‍ദീപ് യാദവ് വീഴ്ത്തി. മുഹമ്മദ് സിറാജ് ക്യാച്ച് കൈവിട്ടതുമൂലം ഒരിക്കല്‍ വിക്കറ്റ് നേട്ടം വഴുതിയ കുല്‍ദീപ്, അധികം വൈകാതെ അക്‌സര്‍ പട്ടേലിന്റെ സഹായത്തോടെ ഫോക്‌സിനെ വീഴ്ത്തി. സമ്പാദ്യം ഒന്‍പത് പന്തില്‍ രണ്ടു റണ്‍സ് മാത്രം.

ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ പ്രതിരോധം അക്‌സര്‍ പട്ടേല്‍ തകര്‍ത്തതോടെ ഇന്ത്യന്‍ വിജയത്തിന് അരങ്ങൊരുങ്ങി. 92 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്ത റൂട്ടിനെ അക്‌സര്‍ പട്ടേല്‍ അജിന്‍ക്യ രഹാനെയുടെ കൈകളിലെത്തിച്ചു. തൊട്ടു പിന്നാലെ ഒലി സ്റ്റോണിനെയും (0) പുറത്താക്കി അക്‌സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. അഞ്ച് പന്ത് മാത്രം നേരിട്ട സ്റ്റോണ്‍ പട്ടേലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി. ഒടുവില്‍ ട്വന്റി20 ശൈലിയില്‍ തകര്‍ത്തടിച്ച മോയിന്‍ അലിയെ (18 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം 43) പുറത്താക്കി കുല്‍ദീപ് യാദവാണ് ഇംഗ്ലിഷ് ഇന്നിങ്‌സിന് വിരാമമിട്ടത്.

Most Popular