കുവൈത്ത് സിറ്റി: കൊവിഡ് 19 ഭീതിയില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാല് മാസത്തോളമായി നിര്‍ത്തി വെച്ച കമേഴ്സ്യല്‍ സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തിലേക്ക് പ്രവേശനവിലക്കേര്പ്പെടുത്തിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്കും വിലക്കേര്‍പ്പെടുത്താത്ത രാജ്യങ്ങളിലൂടെ കുവൈത്തിലെത്താം. ചുരുങ്ങിയത് 14 ദിവസമെങ്കിലും പ്രസ്തുത രാജ്യത്ത് തങ്ങിയതിന്റെ രേഖയും കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്കായിരിക്കും പ്രവേശനം. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്ക്കായിരുന്നു കുവൈത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം, വിലക്ക് ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിലക്കുള്ള രാജ്യത്ത് അടുത്ത ദിവസങ്ങളില്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്ത് പ്രവേശിപ്പിക്കില്ല.
ആദ്യഘട്ടത്തില്‍ മുപ്പത് ശതമാനം ശേഷിയില്‍ ഒന്ന്, മൂന്ന്, നാല്, അഞ്ച് ടെര്‍മിനലുകളില്‍ നിന്നാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ടെര്‍മിനലുകള്‍ അണുവിമുക്തമാക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയും ചെയ്തു. 30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. ദിവസവും 100 വിമാന സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുക. പ്രതിദിനം 10,000 യാത്രക്കാര്‍ക്ക് സേവനം ഉപയോഗിക്കാം.
യാത്രക്കാര്‍ക്ക് മാത്രമേ വിമാനത്താവളത്തിനകത്ത് പ്രവേശനമുള്ളൂ. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി സഹായത്തിന് ആളുകള്‍ വേണ്ടവര്‍ക്ക് ഇളവുകളുണ്ട്. ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ അകത്ത് കയറ്റില്ല.
അതേസമയം, ഇന്ത്യയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് പ്രവേശന വിലക്ക് പ്രഖ്യാപിച്ചതോടെ കൊമേഴ്സ്യല്‍ സര്‍വീസ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉപയോഗിക്കാനാവില്ല. കുവൈത്തില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിലക്കുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ.