ഹാവിയര്‍ മസ്‌കരാനോ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

Javier Mascherano

ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ ഹാവിയര്‍ മസ്‌കരാനോ വിരമിച്ചു. നേരത്തെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച മസ്‌കരാനോ നിലവില്‍ അര്‍ജന്റീനന്‍ ക്ലബ്ബായ എസ്റ്റിയൂഡിന്റീസിന് വേണ്ടിയാണ് കളിക്കുന്നത്.

മുപ്പതുകാരനായ മുന്‍ ബാഴ്സലോണാ മിഡ്ഫീല്‍ഡര്‍ തന്റെ കരിയര്‍ ആരംഭിച്ചത് അര്‍ജന്റീനന്‍ കബ്ബായ റിവര്‍ പ്ലേറ്റിലായിരുന്നു. 2010 മുതല്‍ 2018 വരെ ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ച മസ്‌കരാനോ അഞ്ച് സ്പാനിഷ് ലീഗ് കിരീടവും രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. ബാഴ്സയില്‍ വരുന്നതിന് മുമ്പ് വെസ്റ്റ്ഹാമിന് വേണ്ടിയും ലിവര്‍പൂളിന് വേണ്ടിയും താരം കളിച്ചിരുന്നു. കരിയറില്‍ 21 കിരീടങ്ങള്‍ നേടിയ മസ്‌കരാനോ അര്‍ജന്റീനയ്ക്കായി 147 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമാണ് മസ്‌കരാനോ.

അര്‍ജന്റീനയ്ക്കായി നാല് ലോകകപ്പുകളില്‍ മസ്‌കരാനോ കളിച്ചിട്ടുണ്ട്. 2014ല്‍ അര്‍ജന്റീന ഫൈനലില്‍ എത്തിയ ലോകകപ്പിലും നിര്‍ണ്ണായക സാന്നിധ്യമായിരുന്നു മസ്‌കരാനോ. രാജ്യത്തിനായി നാല് കോപ്പാ അമേരിക്കാ കിരീടം നേടിയിട്ടുണ്ട്. സൈഡ് ടാക്ലിങിന് പേര് കേട്ട താരമാണ് മസ്‌കരാനോ. തന്റെ 17 വര്‍ഷത്തെ ഫുട്ബോള്‍ കരിയറിനാണ് എസ്റ്റിയൂഡിന്റീസ് ക്ലബ്ബില്‍ അവസാനം കുറിക്കുന്നത്.