Friday, June 18, 2021
Home News National ജെറ്റ് എയര്‍വെയ്‌സ് തിരിച്ചുവരവിന്റെ പാതയില്‍; യുഎഇ ബിസിസുകാരന്‍ പുതിയ ഉടമ

ജെറ്റ് എയര്‍വെയ്‌സ് തിരിച്ചുവരവിന്റെ പാതയില്‍; യുഎഇ ബിസിസുകാരന്‍ പുതിയ ഉടമ

ദുബൈ: 2019ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയര്‍വേയ്സ് തിരിച്ചുവരവിന്റെ പാതയില്‍. നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലായിരുന്ന ജെറ്റ് എയര്‍വേയ്സിനെ യുഎഇയിലെ ബിസിനസുകാരനായ മുരാരി ലാല്‍ ജലാനും ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കല്‍റോക്ക് കാപിറ്റലും നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് ഏറ്റെടുത്ത് തിരികെ സര്‍വീസിലേക്ക് കൊണ്ടുവരുന്നത്. 44,000 കോടി ക്ലെയിം തേടുന്ന 21,000 ത്തോളം കടക്കാരാണ് എയര്‍ലൈനുള്ളത്. മുന്‍പുണ്ടായിരുന്ന പോലെ ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും അതോടൊപ്പം തന്നെ രാജ്യാന്തര തലത്തിലും സര്‍വീസ് നടത്താനാണ് പദ്ധതി.

പുനരുദ്ധാരണ പദ്ധതികള്‍ക്ക് ജെറ്റ് എയവേയ്സ് കമ്മിറ്റി അംഗീകാരം നല്‍കി. ഒരിക്കല്‍ രാജ്യത്ത് ഏറ്റവുമധികം സര്‍വീസുകള്‍ നടത്തിയിരുന്ന കമ്പനിയായിരുന്ന ജെറ്റ് എയര്‍വേയ്സ് പദ്ധതികള്‍ കൃത്യമായി നടന്നാല്‍ 2021 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനക്ഷമമാകും. മുന്‍പത്തെ പോലെ ന്യൂദല്‍ഹി, മുംബൈ, ബംഗളൂരു എന്നീയിടങ്ങള്‍ ഹബ്ബുകളാക്കിയാകും ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തിക്കുക. ഇതോടൊപ്പം ചെറുപട്ടണങ്ങളില്‍ സെക്കണ്ടറി ഹബ്ബുകകളും കാര്‍ഗോ വിമാന സര്‍വീസുകളും ആരംഭിക്കുവാന്‍ പദ്ധതിയുണ്ട്.

ഏവിയേഷന്‍ രംഗത്ത് 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് ജെറ്റ് എയര്‍വേയ്സിന് ഉള്ളത്. ഒരിക്കല്‍ 120 വിമാനങ്ങളുള്ള ശക്തമായ എയര്‍ലൈനിന് ഇന്ന് അവശേഷിക്കുന്നത് ആറ് ബോയിംഗ് 777 വിമാനങ്ങളും മൂന്ന് ബോയിംഗ് 737-800 വിമാനങ്ങളും രണ്ട് എയര്‍ബസ് എ 330 വിമാനങ്ങളുമാണ്. വീണ്ടും പ്രവര്‍ത്തനമാരംഭിച്ച് 5 വര്‍ഷം കൊണ്ട് 100 വിമാനങ്ങള്‍ എന്നതാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ പദ്ധതികള്‍ സഹായകമായാല്‍ ഏവിയേഷന്‍ രംഗത്തെ ലോകം കണ്ട മികച്ച തിരിച്ചു വരവായിരിക്കും ജെറ്റ് എയര്‍വേയ്സിന്റേത്.
കോവിഡ് പ്രതിസന്ധി മൂലം ലോകത്തെ ഒട്ടുമിക്ക വ്യോമയാന ഗതാഗത കമ്പനികളും കഷ്ടപ്പെടുമ്പോഴാണ് കടംകയറി മുങ്ങിപ്പോയ ജെറ്റ് എയര്‍വേയ്സ് തിരികെ വരുന്നത്.

Most Popular