നാട്ടിലേക്ക് മടങ്ങാന്‍ 2.75 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു; കൂടുതല്‍ പേരെത്തുക മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍

expatriates returning to kerala

തിരുവനന്തപുരം: പ്രവാസികള്‍ നാട്ടിലേക്കു വരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജം. സജ്ജീകരണം ഉറപ്പാക്കുന്നതിന് സെക്രട്ടറി തല സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സമിതിയുടെ യോഗം ഇന്ന് ചേര്‍ന്ന് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. പ്രാഥമിക കണക്കു പ്രകാരം മലപ്പുറം, കോഴിക്കോട, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേരെത്തുക. ഓരോ വിമാനത്തിലും വരുന്ന യാത്രക്കാരുടെ വിവരം പുറപ്പെടും മുമ്പ് ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ വരുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ക്കായി വിമാനത്താവളം കേന്ദ്രീകരിച്ച് കലക്ടറുടെ നേതൃത്വത്തില്‍പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എയര്‍പോര്‍ട്ട്, പോലിസ്, ആരോഗ്യ വകുപ്പുകളുടെ പ്രതിനിധികള്‍ ഇതിലുണ്ടാവും. വിമാനത്താവളത്തില്‍ വിപുലമായ പരിശോധനയ്ക്ക് സംവിധാനമുണ്ടാവും.

ക്വാരന്റൈന്‍ ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ മേല്‍നോട്ടത്തിന് ഡിഐജിമാരെ നിയോഗിക്കും. രോഗലക്ഷണമില്ലാത്തവരെ വീടുകളിലാണ് ക്വാരന്റൈന്‍ ചെയ്യുക. വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ഇവരെ വീടുകളിലെത്തിക്കുന്നത് പോലിസ് നിരീക്ഷണത്തിലായിരിക്കും. ഇവര്‍ക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തും. ഓരോ പഞ്ചായത്തിലും ഇതിന് ആവശ്യമായ ക്രമീകരണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ക്വാരന്റൈന്‍ സൗകര്യമൊരുക്കും.

പ്രവാസികളെ താമസിപ്പിക്കുന്നതിന് എയര്‍പോര്‍ട്ടുകള്‍ക്കു സമീപം ആവശ്യമായ സൗകര്യം സര്‍ക്കാര്‍ ഒരുക്കും. ആശുപത്രികളും ഇപ്പോള്‍ തന്നെ സജ്ജമാണ്. കപ്പലില്‍ പ്രവാസികളെ എത്തിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. അതില്‍ തീരുമാനം ഉണ്ടായാല്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും സൗകര്യമൊരുക്കും.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന 2.76 ലക്ഷം പേര്‍ ഇതിനകം നോര്‍ക്ക് റൂട്ട്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 150ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് രജിസ്റ്റര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Whenever the central government allows a special flight for expatriates to come home, the Kerala state is ready to accept them. The Chief Minister said in a press conference that the Secretary-level committee has been constituted to ensure the setup.