Wednesday, June 23, 2021
Home News Kerala പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ട്രൂനാറ്റ് കിറ്റ് എത്തിക്കാനുള്ള ചര്‍ച്ച നടക്കുന്നതായി മുഖ്യമന്ത്രി

പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ട്രൂനാറ്റ് കിറ്റ് എത്തിക്കാനുള്ള ചര്‍ച്ച നടക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റ് നടത്താന്‍ സൗകര്യമില്ലാത്ത ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് കിറ്റ് കേരളം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കുന്നതിന് എയര്‍ലൈന്‍ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പരിശോധനാ സൗകര്യം ഉണ്ട്. പരിശോധനാ സൗകര്യം ഇല്ലാത്ത കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് ഇത് സഹായകമാകും.

മോള്‍ബിയോ ഡയഗ്‌നോസ്റ്റിക്‌സ് എന്ന കമ്പനി കഴിഞ്ഞ ഏപ്രില്‍ മാസം വികസിപ്പിച്ചെടുത്ത കൊവിഡ് സ്‌ക്രീനിംഗ് ടെസ്റ്റ് കിറ്റ് ആണ് ട്രൂനാറ്റ്. അടിയന്തര ഘട്ടങ്ങളില്‍ ഐസൊലേഷന്‍ സംവിധാനങ്ങളിലേക്ക് മാറ്റുന്നത് പോലുള്ള ആവശ്യങ്ങള്‍ക്ക് കൊവിഡ് പരിശോധിക്കാനുള്ള തത്സമയ പിസിആര്‍ ടെസ്റ്റ് ആണ് ഇത്.

സംസ്ഥാനത്ത് ഇതുവരെ 2,79,657 ആളുകളാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വന്നത്. 1172 പേര്‍ക്ക് പരിശോധനയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 669 പേര്‍ വിദേശരാജ്യത്ത് നിന്നും 503 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

Most Popular