കുവൈത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചു; വിമാനം ഇല്ലാത്തതിനാല്‍ ആശങ്കയോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍

kuwait amnesty announced

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മുപ്പത് വരെ പിഴ കൂടാതെ രാജ്യം വിടാം.

എന്നാല്‍, പൊതുമാപ്പ് അനുവദിച്ചെങ്കിലും യാത്രാവിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നകയാണ്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചുപോവുന്നതിന് ഒട്ടേറെ കടമ്പകളുണ്ട്.

കുവൈത്തില്‍ താമസ നിയമലംഘകരായ കാല്‍ ലക്ഷത്തോളം ഇന്ത്യക്കാരെങ്കിലും ഉണ്ടാകുമെന്നാണ് സൂചന. ഇതില്‍ നിരവധി മലയാളികളും ഉണ്ട്. നിലവിലെ സാഹചര്യത്തില്‍ കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് ഇളവുകാല ആനുകൂല്യം ലഭിക്കുക ഇന്ത്യ ഗവണ്മെന്റിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും.

നാടുകടത്തല്‍ കേന്ദ്രത്തില്‍ ഉള്ളവരുമായി കഴിഞ്ഞ ദിവസം മുംബൈയിലേക്ക് ഷെഡ്യൂള്‍ ചെയ്ത ജസീറ എയര്‍വേയ്‌സ് വിമാനം ഇന്ത്യയില്‍നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ റദ്ദാക്കിയിരുന്നു.

താഴെ പറയുന്ന ആറോളം വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പിഴ അടച്ചു താമസരേഖ ശരിയാക്കുന്നത്തിനും അനുമതി നല്‍കുന്നുണ്ട്

1. കുവൈത്ത് പൗരന്മാരുടെ വിദേശി ഭാര്യമാര്‍.
2. കുവൈത്ത് പൗരന്മാരുടെ വിദേശികളായ മാതാപിതാക്കള്‍.
3. കുവൈത്തി വനിതകളുടെ വിദേശി ഭര്‍ത്താക്കമാരും അവരുടെ മക്കളും
4. കുവൈത്തികളില്‍ നിന്നും വിവാഹമോചനം നേടുകയോ വിധവയാവുകയോ ചെയ്ത എന്നാല്‍ തങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്ന മക്കളുള്ള വിദേശവനിതകള്‍
5. ഗാര്‍ഹിക തൊഴിലാളികള്‍
6. 2020 മാര്‍ച്ച് ഒന്നിന് ശേഷം താമസനിയമലംഘകരായവര്‍
7. 2018 ജനുവരിയിലാണ് കുവൈത്ത് അവസാനമായി പൊതുമാപ്പ് അനുവദിച്ചത്.