കടുത്ത വേനൽ: പുറം ജോലിക്ക് നിയന്ത്രണം വരുത്താനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽ കടുത്തതോടെ ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31വരെ രാജ്യത്ത് പുറം ജോലികള്‍ക്ക് മാന്‍ പവര്‍ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെയാണ് നിയന്ത്രണം. വേനല്‍ച്ചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഈ വര്‍ഷവും ഉച്ച സമയത്ത് വിശ്രമം നിര്‍ബന്ധമാക്കിയത്.

പകല്‍ പതിനൊന്നിനും നാലിനും ഇടയില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കരുതെന്ന് തൊഴില്‍ ഉടമകളെയും അറിയിച്ചിട്ടുണ്ട്.

ജോലിസമയം രാവിലെയും വൈകീട്ടുമായി പുനഃക്രമീകരിക്കാന്‍ അനുമതിയുണ്ട്. നിരോധിത സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്. നിയമലംഘകര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കും.

വിലക്ക് ലംഘിക്കുന്ന സ്ഥാ‍പനങ്ങള്‍ക്കെതിരെ ഫയല്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമപാലനം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ച്‌ നിരീക്ഷണത്തിനായി നിയോഗിക്കും. അതേസമയം, ഈ മാസം പകുതി പിന്നിട്ടതോടെ കൂടിയ താപനില ശരാശരി 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മേയ് അവസാനത്തോടെ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തിപ്രാപിക്കും.

ശരാശരി 30 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറഞ്ഞ താപനിലയും എത്തിയിട്ടുണ്ട്. ഇതോടെ രാത്രിയും ചൂട് അനുഭവപ്പെടുന്നുണ്ട്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണില്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ അഞ്ച് സ്ഥലങ്ങള്‍ കുവൈത്തില്‍ അടയാളപ്പെടുത്തിയിരുന്നു.