ബിഗ് ബോസ് സീസണ്‍ 3 വരുന്നു

Bigg Boss Season 3

മലയാളത്തിലെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ 3 വരുന്നു. ബിഗ് ബോസ് വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് അവതാരകനായ മോഹന്‍ലാല്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സീസണിനെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ പ്രഖ്യാപനം ഇങ്ങനെ.. ‘നിങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിലും നവവത്സരപ്പിറവിയുടെ പുതുപ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നാമെല്ലാവരും. ഈ അവസരത്തില്‍ നിങ്ങള്‍ കാത്തുകാത്തിരുന്ന ആ മനോഹര ദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പ്, ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടനെത്തുന്നു നമ്മുടെ സ്വന്തം ഏഷ്യാനെറ്റില്‍. ഞാനുമുണ്ടാകും’, മോഹന്‍ലാല്‍ പറയുന്നു.

സീസണ്‍ 3ലേക്കുള്ള മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആവും സീസണ്‍ 3ന്റെയും വേദി. കമല്‍ ഹാസന്‍ അവതാരകനാവുന്ന തമിഴ് ബിഗ് ബോസ് അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് അവസാനിച്ചതിനു ശേഷം മലയാളം സീസണ്‍ 3യുടെ സെറ്റ് നിര്‍മ്മാണം അടക്കം ആരംഭിക്കും. ഫെബ്രുവരി പകുതിയോടെ ഷോ പ്രേക്ഷകരിലേക്ക് എത്തും.

ജനപ്രീതിയില്‍ ഏറെ മുന്നിലായിരുന്നു ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍. നിരവധി നാടകീയ സംഭവ വികാസങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷികളായ സീസണ്‍ 2 ന്റെ അവസാന എപ്പിസോഡ് 2020 മാര്‍ച്ച് 20നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. പുറംലോകവുമായി ബന്ധമില്ലാത്ത ബിഗ് ബോസ് ഹൗസില്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍ കൊവിഡ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ഗുരുതര സാഹചര്യം മത്സരാര്‍ഥികളോട് നേരിട്ട് വിശദീകരിക്കുകയായിരുന്നു അവസാന എപ്പിസോഡില്‍. കോവിഡ് പശ്ചാത്തലത്തില്‍ 75-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്ന സീസണ്‍-2നു ശേഷമാണ് ഇപ്പോള്‍ സീസണ്‍ 3 വരുന്നത്.