Gulf Malayaly Exclusive
ദോഹ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ജയില്‍ മോചിതരാവുന്നു. സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലും മലയാളികളുടെ ജയില്‍ മോചനത്തിന് സഹായകമായിട്ടുണ്ട്.
കൊറോണ വ്യാനവുമായി ബന്ധപ്പെട്ട് നിരവധി പേരെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് റമദാന്‍ തലേന്ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ചിരുന്നു. ഗുരുതരമല്ലാത്ത കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ് ഇപ്പോള്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നവാഫ് കൊടുങ്ങല്ലൂര്‍ ഗള്‍ഫ് മലയാളിയോട് പറഞ്ഞു. നാട്ടിലേക്ക് അയക്കുന്നതിന് ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റിയ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്‍പ്പെടെയുള്ള മലയാളികളുടെ ബന്ധുക്കള്‍ ബന്ധപ്പെട്ടിരുന്നതായി നവാഫ് പറഞ്ഞു.
മയക്ക് മരുന്ന് കേസില്‍ ചതിയില്‍പ്പെട്ട് കുടുങ്ങുന്നവരെ മോചിപ്പിക്കുന്നതിന് ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്റെ നേതൃത്വത്തില്‍ ഖത്തറില്‍ ഒരു സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. എംബസിയുമായി ബന്ധപ്പെട്ടാണ് ഈ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. അഡ്വക്കറ്റ് ജാഫര്‍ ഖാന്‍, സാമൂഹിക പ്രവര്‍ത്തകനായ ഗോവിന്ദ്ജി, ഐസിഡബ്ല്യുഎഫ് പ്രതിനിധികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ സമിതിയില്‍ ഉണ്ട്. ഇവരുടെ നിരന്തര ഇടപെടല്‍ മലയാളികളുടെ ജയില്‍മോചനത്തിന് സഹായകമായിട്ടുണ്ടെന്ന് നവാഫ് പറഞ്ഞു.
റമദാനോട് അനുബന്ധിച്ചും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ കാരുണ്യത്തില്‍ നിരവധി പേര്‍ക്ക് ജയില്‍ മോചനം ലഭിച്ചിട്ടുണ്ട്. ഇതില്‍ 69 ഇന്ത്യക്കാര്‍ ഉള്ളതായാണ് വിവരം.
ജയില്‍ മോചിതരായ മലയാളികളുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. നാട്ടിലേക്കുള്ള വിമാനസര്‍വീസ് ആരംഭിക്കുന്നതോടെ ജയില്‍മോചനം ലഭിച്ചവരെ നാട്ടിലേക്ക് കയറ്റിവിടുമെന്നാണ് ലഭിക്കുന്ന വിവരം.
Many people, including Malayalees, are being released from Qatar jail in the wake of corona pandemic situation.