Thursday, July 29, 2021
Home Uncategorized അറുപതിന്റ് നിറവില്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ മറഡോണ...

അറുപതിന്റ് നിറവില്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ മറഡോണ…

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ ലാനസിലുള്ള ഒരു കുടിലില്‍ നിന്ന് ഉയര്‍ന്നുവന്ന ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയ്ക്ക് ഇന്ന് 60-ാം പിറന്നാള്‍. അര്‍ജന്റീനയിലെ വില്ല ഫിയോറിറ്റോയില്‍ ചേരിപ്രദേശത്ത് ഷര്‍ട്ടില്ലാതെ, ബൂട്ടൊന്നുമില്ലാതെ പന്തുതട്ടിയും കഷ്ടപാടുകളോട് പൊരുതിയും വളര്‍ന്ന മറഡോണ, പെലെയ്ക്കൊപ്പം ഫുട്ബോള്‍ ചക്രവര്‍ത്തിയായത് സമാനതകളില്ലാത്ത ചരിത്രമാണ്. മൂന്നാം വയസ്സില്‍ ഭക്ഷണപ്പൊതി സമ്മാനമായി പ്രതീക്ഷിച്ച് കാത്ത മറഡോണയ്ക്കു ലഭിച്ച ഒരു സമ്മാനമാണ് ചരിത്രപ്പിറവിക്ക് നിമിത്തമായത്. അതൊരു പന്തായിരുന്നു.

ഏഴു സഹോദരങ്ങള്‍ക്കൊപ്പം ഒരു മുറിയില്‍ കഴിയേണ്ടിവന്ന മറഡോണയ്ക്കു പക്ഷേ, കായികലോകം കരുതിവച്ചത് വിലമതിക്കാനാവാത്ത രാജപദവി. ഫുട്ബോളിലെ മുടിചൂടാമന്നനായുള്ള വളര്‍ച്ചയ്ക്കിടെ 1986ല്‍ അദ്ദേഹം ഏറ്റുവാങ്ങിയ ലോകകിരീടത്തിന് സമാനതകളില്ല. അന്ന് ഫൈനലില്‍ പശ്ചിമ ജര്‍മനിയെ മാത്രമല്ല ആധുനിക ഫുട്ബോളിനെ തന്നെ കീഴടക്കിയാണ് മറഡോണ ചരിത്രം രചിച്ചത്.

ലോകഫുട്‌ബോളിലെ ഏറ്റവും മനോഹരമായൊരു ഗോള്‍ നേടാന്‍ ഭാഗ്യമുണ്ടായത് മറഡോണയ്ക്കാണ്. 1986 ലോകകപ്പ്. അര്‍ജന്റീനയുടെ നായകനായിരുന്ന മറഡോണയുടെ ബൂട്ടില്‍ നിന്ന് ആ മനോഹരഗോള്‍ പിറന്നു. മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് – അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍. അന്ന് ആദ്യം പിറന്നത് ഫുട്ബോള്‍ ലോകം ഇന്നും ചര്‍ച്ചചെയ്യപ്പെടുന്ന ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന ഗോളാണ്. കളിതുടങ്ങി നാലു മിനിറ്റുകള്‍ക്കു ശേഷമായിരുന്നു ഫുട്ബോള്‍ ലോകം ഇന്നും വിസ്മയം കൂറുന്ന ആ ഗോള്‍ ജന്മമെടുത്തത്.
സ്വന്തം ഹാഫില്‍നിന്നാരംഭിച്ച ഒറ്റയാന്‍ മുന്നേറ്റത്തിലായിരുന്നു തുടക്കം. സെന്‍ട്രല്‍ സര്‍ക്കിളില്‍നിന്ന് ഒന്നിനു പിന്നാലെ ഒന്നായി നാലു ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്ത് മുന്നിലെത്തുമ്പോള്‍ തടസം ഇംഗ്ലിഷ് ഗോളി പീറ്റര്‍ ഷില്‍ട്ടന്‍ മാത്രം. അദ്ദേഹത്തെയും ഡ്രിബിളില്‍ മറികടന്നപ്പോള്‍ മുന്നില്‍ ഗോള്‍ വല മാത്രം. മറഡോണ പന്ത് ഗോള്‍വര കടത്തിയപ്പോള്‍ പിറന്നത് ചരിത്രം. ഈ ഗോളിന്റെ ഓര്‍മയ്ക്കായി പിറ്റേന്നു തന്നെ അസ്‌ടെക്ക് സ്റ്റേഡിയത്തില്‍ സ്മരണിക ഫലകവും സ്ഥാപിക്കപ്പെട്ടു

നൂറ്റാണ്ടിന്റെ പ്രതിഭയായി ഒരു ഫുട്‌ബോള്‍ കളിക്കാരനെ തിരഞ്ഞെടുക്കാന്‍ ഫിഫ തീരുമാനിച്ചത് 2000ലാണ്. ആ തീരുമാനം പക്ഷേ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. പെലയെ തിരഞ്ഞെടുക്കണോ അതോ മറഡോണയെ തിരഞ്ഞെടുക്കണോ, നൂറ്റാണ്ടിന്റെ താരം പെലെ തന്നെയാണെന്ന് ലോക ഫുട്‌ബോള്‍ സംഘടനയ്ക്ക് പ്രഖ്യാപിക്കേണ്ടിവന്നു.

എന്നാല്‍ ഫിഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകര്‍ ഏറ്റവും കൂടുതല്‍ വോട്ട് നല്‍കി താരം മറഡോണയായിരുന്നു. വെബ്‌സൈറ്റിലെ വോട്ടിങ്ങില്‍ മറഡോണ വളരെ മുന്നിലായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. 78,000 വോട്ടുകള്‍ മറഡോണ നേടിയപ്പോള്‍ പെലെയ്ക്ക് ലഭിച്ചത് 26,000 വോട്ടുകള്‍ മാത്രം.

പൊക്കമില്ലാത്തവനായിരുന്നുവെങ്കിലും മിഡ്ഫീല്‍ഡിലെ വിശ്വസ്തനായിരുന്നു മറഡോണ. കളിക്കളത്തില്‍ മറഡോണയുടെ പ്രകടനങ്ങള്‍ ഇന്നും തങ്കത്തിളക്കമുള്ള ഓര്‍മകളാണ്. സീനിയര്‍ ടീമിലെത്തും മുന്‍പെ പേരെടുത്തുകഴിഞ്ഞിരുന്നു മറഡോണ. 1979ല്‍ അര്‍ജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോള്‍ മറഡോണയായിരുന്നു അവരുടെ നായകന്‍. 1979ലും 1980ലും സൗത്ത് അമേരിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ബഹുമതി. 1978 ലോകകപ്പ് ടീമില്‍ കടക്കാനായില്ലെങ്കിലും 1982ല്‍ ലോകകപ്പില്‍ അരങ്ങേറ്റം. 1986ല്‍ അര്‍ജന്റീനയെ ലോകകിരീടത്തിലേക്കു നയിച്ചത് മറഡോണ ഏറെക്കുറെ ഒറ്റയ്ക്കാണ്.

മികച്ച താരത്തിനുള്ള ഫിഫയുടെ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. 1990ല്‍ അര്‍ജന്റീനയെ ലോകകപ്പ് ഫൈനലിലെത്തിച്ചെങ്കിലും ജര്‍മനിയോടു തോല്‍വി.
1994 ലോകകപ്പിന് എത്തിയെങ്കിലും ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിനാല്‍ പുറത്തുപോകേണ്ടിവന്നു. ആകെ 21 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് എട്ട് ഗോളുകള്‍. നാലു ലോകകപ്പുകളില്‍ പങ്കെടുത്തു .. അര്‍ജന്റീനയ്ക്കുവേണ്ടി ആകെ 91 രാജ്യാന്തര മത്സരങ്ങള്‍, 34 ഗോളുകള്‍. അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, നാപ്പോളി, ബോക്കാ ജൂനിയേഴ്‌സ്, ബാഴ്‌സലോണ, സെവിയ്യെ, തുടങ്ങിയ ക്ലബ്ബുകളില്‍ കളിച്ചു. 987ലും 1990ലും ഇറ്റാലിയന്‍ ലീഗ് കിരീടത്തിലേക്കു നാപ്പോളിയെ നയിച്ചതും മറഡോണയുടെ കഴിവുകൊണ്ടായിരുന്നു. 1989ല്‍ നാപ്പോളിക്ക് യുവേഫാ കപ്പ് നേടിക്കൊടുത്തു. ലഹരിമരുന്നു കേസുകളില്‍ പ്രതിയായെങ്കിലും കളിക്കളത്തിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ മറഡോണയെ ആര്‍ക്കും തള്ളിക്കളയാനാവില്ല. 1997ല്‍ ഫുട്‌ബോളിനോട് വിടപറഞ്ഞു. 2010 ലോകകപ്പില്‍ അര്‍ജന്റീനയുടെ മുഖ്യപരിശീലകന്‍. ഇപ്പോഴും ഫുട്ബോള്‍ ഗ്യാലറികളില്‍ സജീവമാണ്.

Most Popular