കോഴിക്കോട്: ഖത്തറിൽ കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണപ്പെട്ട കൊണ്ടോട്ടി സ്വദേശി അലി പുളിക്കലിന്റെ മക്കളെ ഏറ്റെടുത്ത് മർക്കസ്. അനാഥരായ എട്ട് കുരുന്നുകളെയാണ് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രത്യേക നിർദേശത്തെ തുടർന്ന് ഓർഫൻ കെയർ സ്‌കീമിൽ ഉൾപ്പെടുത്തി ഏറ്റെടുത്തത്. സ്വന്തം വീടുകളിൽ മാതാക്കളുടെ സംരക്ഷണത്തിൽ താമസിച്ച് ഇവർക്ക് വിദ്യാഭ്യാസം, ഭക്ഷണം, അനുബന്ധ ചിലവുകൾ തുടങ്ങിയവ മർക്കസ് ഏറ്റെടുക്കുന്ന പദ്ധതിയുടെ ഭാഗമാക്കിയാണ് കുഞ്ഞുങ്ങളെ ഏറ്റെടുത്തിരിക്കുന്നത്.
ആശിർ ഹസൻ(14 വയസ്സ്), ആരിഫ്(11 വയസ്സ്), അശ്ഫാഖ്(11 വയസ്സ്), ഫാത്തിമ ഫർഹ(9 വയസ്സ്), ലിഹ ഫരീഹ(9 വയസ്സ്), അശ്മിൽ ഹിദാശ്(8 വയസ്സ്), മുഹമ്മദ് ഹമ്മാദ്(7 വയസ്സ്), ഖദീജ ഹന്ന(5 വയസ്സ്) എന്നിവരാണ് മർകസിന്റെ സംരക്ഷണത്തിൽ ഇനി വളരുക. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പരേതന്റെ വീട് സന്ദർശിച്ച് പ്രാർത്ഥന നിർവ്വഹിക്കുകയും മക്കളുടെ വിവരങ്ങൾ അന്വേഷിക്കുകയും വിദ്യാഭ്യാസമടക്കമുള്ള ചെലവുകൾ മർകസ് വഹിക്കുമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, വിപിഎം സഖാഫി വില്യാപ്പള്ളി, പ്രാദേശിക സംഘടനാ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.