കൊറോണ: ഖത്തറിലെ തൊഴിലാളികളുടെ രോഗം, ശമ്പളം, തൊഴില്‍ സംബന്ധമായ സംശങ്ങള്‍ക്ക് മറുപടി

corona cases in qatar

ദോഹ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളും ഷോപ്പുകളുമൊക്കെ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ രോഗവുമായും ജോലിയുമായും ബന്ധപ്പെട്ട തൊഴിലാളികളുടെ ആശങ്കകള്‍ അകറ്റുന്നതിന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പനിബാധിച്ചാല്‍ ജീവനക്കാരന്‍ എന്ത് ചെയ്യണം? ഐസൊലേഷനിലോ ക്വാരന്റൈനിലോ കഴിയുന്ന സമയത്തും തൊഴിലാളിക്ക് ശമ്പലം ലഭിക്കാന്‍ അര്‍ഹതയുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് മന്ത്രാലയം വ്യക്തത കരുത്തിയിരിക്കുന്നത്.

1. പനിയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ തൊഴിലാളി എന്ത് ചെയ്യണം?

ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കണം. ഖത്തറിലെ കൊറോണ ഹോട്ട്‌ലൈന്‍ നമ്പര്‍ ആയ 16000ല്‍ വിളിച്ചറിയിക്കണം. അടിയന്തരസാഹചര്യമാണെങ്കില്‍ 999ല്‍ വിളിച്ച് ആംബുലന്‍സ് സേവനം തേടണം.

2. ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ ചികില്‍സ ലഭിക്കുമോ?

നിലവിലെ സാഹചര്യത്തില്‍ സൗജന്യ ചികില്‍സ ലഭിക്കാന്‍ ഹെല്‍ത്ത് കാര്‍ഡോ ഖത്തര്‍ ഐഡിയോ ആവശ്യമില്ല.

3. ഒരാള്‍ സെല്‍ഫ് ഐസൊലേഷനിലേക്കു പോകേണ്ടത് എപ്പോള്‍?

-കൊറോണ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിടുമ്പോള്‍
-രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും കൊറോണ രോഗബാധിതരുമായി അടുത്തിടപെട്ടിട്ടുണ്ടെങ്കില്‍
-കൊറോണ ബാധിത രാജ്യങ്ങളില്‍ അടുത്തിടെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയവരാണെങ്കില്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

4. തൊഴിലാളികളെ ഐസൊലേഷനിലേക്കു മാറ്റുന്നത് എപ്പോള്‍?

സര്‍ക്കാര്‍ അധികൃതരാണ് ഒരു തൊഴിലാളിയെ ഐസൊലേഷനിലേക്ക് മാറ്റുന്നത്. കൊറോണ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ രോഗബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ ടെസ്റ്റ് റിസള്‍ട്ട് കാത്തിരിക്കുന്ന വേളയില്‍ ആണ് ഐസൊലേഷനിലേക്ക് മാറ്റുന്നത്.

5. തൊഴിലാളിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചാല്‍?

ഒരു തൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ചാല്‍ മുഖൈനിസ് മേഖലയിലുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ആവശ്യമായ വൈദ്യപരിചരണം, ഭക്ഷണം, താമസം എന്നിവയെല്ലാം സൗജന്യമായി തന്നെ ലഭിക്കും.

6. തൊഴിലാളികള്‍ക്ക് ഐസൊലേഷന്‍/ക്വാറന്റൈന്‍ സംവിധാനം ഒരുക്കാനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്?

രോഗലക്ഷണങ്ങളുള്ള തൊഴിലാളിക്ക് ഐസൊലേഷന്‍ അല്ലെങ്കില്‍ ക്വാറന്റൈന്‍ സംവിധാനം ക്രമീകരിക്കാനുള്ള ഉത്തരവാദിത്വം ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റിക്കു കീഴിലെ പ്രത്യേക മെഡിക്കല്‍ സംഘത്തിനാണ്. തൊഴിലുടമയ്ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ല.

7. ഖത്തര്‍ ഐഡിയുടെ കാലാവധി തീര്‍ന്നവര്‍ക്കും ചികില്‍സ ലഭിക്കുമോ?
എല്ലാ തൊഴിലാളികള്‍ക്കും ആവശ്യമായ ചികില്‍ സൗജന്യമായി ലഭിക്കും. ഇതിന് അവരുടെ സ്റ്റാറ്റസ് പരിഗണിക്കില്ല.

qatar quarantine

8. ഐസൊലേഷനില്‍ അല്ലെങ്കില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ശമ്പളം ലഭിക്കുമോ?

ഐസൊലേഷന്‍/ക്വാറന്റൈന്‍/ ചികിത്സയില്‍ കഴിയുന്ന എല്ലാ തൊഴിലാളികള്‍ക്കും രോഗാവധിക്ക് അര്‍ഹനാണോ എന്നത് പരിഗണിക്കാതെ തന്നെ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

9. നിലവിലെ സാഹചര്യത്തില്‍ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ റദ്ദാക്കാമോ?

തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. എന്നാല്‍ രാജ്യത്തെ തൊഴില്‍ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ മുഴുവന്‍ പാലിച്ചുകൊണ്ടാകണം കരാര്‍ റദ്ദാക്കല്‍. നിയമ പ്രകാരം റദ്ദാക്കല്‍ സംബന്ധിച്ച് തൊഴിലാളിക്ക് നോട്ടീസ് പിരീഡ് നല്‍കിയിരിക്കണം. കൂടാതെ എല്ലാ കുടിശ്ശികയും സ്വദേശത്തേക്ക് മടങ്ങാനുള്ള ടിക്കറ്റും നല്‍കണം.

10. തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത കാലയളവ് അല്ലെങ്കില്‍ കമ്പനി പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയോ ചെയ്താല്‍ തൊഴിലാളികളോട് വാര്‍ഷിക അവധി അല്ലെങ്കില്‍ ശമ്പളമില്ലാത്ത അവധി എടുക്കാന്‍ ആവശ്യപ്പെടാമോ?

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയുടേയും തൊഴിലാളിയുടേയും നിലനില്‍പ്പ് കണക്കിലെടുത്ത് പരസ്പരമുള്ള സഹകരണം അനിവാര്യമാണ്. ബിസിനസ് നിര്‍ത്തിവച്ചാല്‍, തൊഴിലാളിക്ക് ജോലി ചെയ്യാന്‍ കഴിയാതെ വന്നാല്‍ ശമ്പളമില്ലാത്ത അവധി അല്ലെങ്കില്‍ വാര്‍ഷിക അവധിയായി കണക്കാക്കുന്നത് സംബന്ധിച്ച് തൊഴിലുടമയും തൊഴിലാളിയും ധാരണയിലെത്താം. എങ്കിലും തൊഴിലാളിക്ക് താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ബന്ധമായും തൊഴിലുടമ നല്‍കിയിരിക്കണം.

11. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന് പുറത്തുള്ള തിരികെ വരാന്‍ പറ്റാത്ത തൊഴിലാളിയുടെ ജോലിയെ എങ്ങിനെ ബാധിക്കും?

തൊഴില്‍ സാഹചര്യങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് തൊഴിലാളിയും തൊഴിലുടമയും ചര്‍ച്ച ചെയ്യണം. തൊഴില്‍ കരാറില്‍ എന്തെങ്കിലും മാറ്റത്തിന് സഹകരിക്കാതിരിക്കാന്‍ തൊഴിലാളിക്ക് അര്‍ഹതയുണ്ട്. ഈ സാഹചര്യത്തില്‍ പിരിച്ചുവിടേണ്ടി വന്നാല്‍ തൊഴില്‍ കരാറിലെ എല്ലാ വ്യവസ്ഥകളും പാലിച്ചു കൊണ്ട് വേണം പിരിച്ചുവിടാന്‍. മുന്‍കൂര്‍ നോട്ടീസ് പിരീഡ് നല്‍കുകയും എല്ലാ കുടിശ്ശികയും നല്‍കുകയും വേണം.

12.. കൊറോണ കാലത്ത് കാലാവധി കഴിഞ്ഞ വിസ/ഖത്തര്‍ ഐഡി തനിയേ പുതുക്കപ്പെടുമോ?

വിസ, ഖത്തര്‍ ഐഡി തനിയേ പുതുക്കപ്പെടില്ല. ഇവ പുതുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അല്ലെങ്കില്‍ മെത്രാഷ്2 ഉപയോഗിക്കണം. ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇതേ നിബന്ധനകള്‍ ബാധകമാണ്.

13. നിലവിലെ സാഹചര്യത്തില്‍ തൊഴിലാളിക്ക് തൊഴില്‍, താമസ സംബന്ധമായ പരാതി ഉണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്?

തൊഴിലാളികള്‍ക്ക് തങ്ങളുടെ പരാതികള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അല്ലെങ്കില്‍ 16008 എന്ന നമ്പറിലോ വിളിച്ചറിയിക്കാം.

Ministry have released a guidelines on the health and safety of workers