ഖത്തറില്‍ നിയമവിരുദ്ധമായി സംഭാവന പിരിക്കുന്നവര്‍ക്ക് പിടിവീഴും

ദോഹ: സക്കാത്തും ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള ഫണ്ടും ഉള്‍പ്പെടെ അനധികൃതമായി പിരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംശയകരമായ രീതിയില്‍ സംഭാവന പിരിക്കുന്നവര്‍ക്കെതിരേ മന്ത്രാലയം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

വാട്ട്‌സാപ്പ്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ വഴി പിരിവെടുക്കുന്നവരെയാണ് മന്ത്രാലയം പ്രത്യേകമായി നോട്ടമിട്ടിട്ടുള്ളതെന്ന് എന്‍ഡോവ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് യാഖൂബ് അല്‍ അലി പറഞ്ഞു.

ജീവകാരുണ്യപ്രവര്‍ത്തനമായാലും സക്കാത്ത് ആയാലും മറ്റ് സംഭാവനകള്‍ ആയാലും ശരിയായ വഴിയിലൂടെ നടക്കുന്നത് പ്രോല്‍സാഹിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. സംശയകരമായ രീതിയില്‍ പിരിവെടുക്കുന്നവരെ സൂക്ഷിക്കണമെന്ന് പ്രാദേശിക ചാനലിനോട് സംസാരിക്കവേ അല്‍ അലി പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന അതോറിറ്റി ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ചാണ് മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അജ്ഞാതരായ വ്യക്തികള്‍ സഹായം തേടി വിവിധ പദ്ധതികളുമായി വരുന്നത് സൂക്ഷിക്കണം. ദരിദ്ര കുടുംബങ്ങളുടെ ദയനീയതകള്‍ വിവരിച്ചും ഇത്തരക്കാര്‍ സംഭാവന പിരിക്കുന്നുണ്ട്. അംഗീകൃത ഏജന്‍സികള്‍ വഴി സംഭാവന പിരിക്കലാണ് ആവശ്യക്കാരെ സഹായിക്കാന്‍ ഏറ്റവും ഉചിതമായ രീതിയെന്ന് അല്‍ അലി കൂട്ടിച്ചേര്‍ത്തു.