അബൂദബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ഇയാന്‍ മോര്ഗന് ഭാര്യക്കൊപ്പം അബൂദബിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് പള്ളി സന്ദര്‍ശിച്ചു. കൊല്‍ക്കത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ാം സീസണില്‍ നിന്നും പുറത്തായതോടെ യു.എ.ഇയില്‍ നിന്നും സ്വന്തം നാട്ടിലേക്ക് പറക്കുന്നതിന് മുമ്പായി ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പള്ളികളിലൊന്നിലേക്ക് താരം ഭാര്യക്കൊപ്പം സന്ദര്‍ശനം നടത്തുകയായിരുന്നു.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകനായ മോര്ഗന് അറബികളുടെ പാരമ്പര്യ വസ്ത്രമായ കന്തൂറ ധരിച്ചപ്പോള്‍ ഭാര്യ പര്‍ദ്ദ അണിഞ്ഞാണ് പള്ളിയിലെത്തിയത്. പള്ളിയുടെ അകത്തുവെച്ചുള്ള ഒരു ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. ‘ഷെയ്ഖ് സായിദ് പള്ളിയില്‍ ഒരു മനോഹരമായ പ്രഭാതം’ -ഫോട്ടോക്ക് അടിക്കുറിപ്പായി മോര്ഗന് കുറിച്ചത് ഇങ്ങനെയായിരുന്നു.
മോര്ഗന് ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചതോടെ വ്യത്യസ്തവും രസകരവുമായ കമന്റുകളാണ് വന്നത്. മോര്‍ഗന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് ചിലര്‍ എത്തിയപ്പോള്‍ ചിലര്‍ താരത്തെ യഥാര്‍ഥ മാന്യന് എന്ന് വിശേഷിപ്പിച്ചു. അതേസമയം, ശൈഖ് മോര്ഗന് എന്ന് തമാശയായി വിളിക്കാനും ചിലര്‍ മറന്നില്ല