Saturday, May 15, 2021
Home Uncategorized 118 A; ആദ്യ കേസ് പി.കെ ഫിറോസിനെ ഫെയ്സ്ബുക്കില്‍ അപമാനിച്ചതിന്: പിന്‍വലിക്കുമെന്ന് ഫിറോസ്

118 A; ആദ്യ കേസ് പി.കെ ഫിറോസിനെ ഫെയ്സ്ബുക്കില്‍ അപമാനിച്ചതിന്: പിന്‍വലിക്കുമെന്ന് ഫിറോസ്

മലപ്പുറം: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ ഫെയ്സ്ബുക്കില്‍ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിക്കെതിരേ പോലീസ് ആക്ട് 118A പ്രകാരം കേസ് എടുക്കണമെന്ന് പരാതി. മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്‌മാനാണ് വലപ്പാട് പോലീസില്‍ പരാതി നല്‍കിയത്.

വിവാദമായ പോലീസ് നിയമഭേദഗതി പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസാണിത്. യു.ഡി.എഫ് നേതൃത്വം ഒന്നടങ്കം സര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരേ പ്രതികരിച്ചതിന് പിന്നാലെയാണ് ഇതിന് വിപരീതമായി മുസ്ലീം ലീഗ് നേതാവിന്റെ നീക്കം.

സ്പ്രിംഗ്ലര്‍ അഴിമതിയുമായി ബന്ധപ്പെട്ട് പി.കെ ഫിറോസ് നടത്തിയ സമരത്തിലെ ചിത്രം വ്യാജ പ്രചരണത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ചിത്രത്തില്‍ ഫിറോസിന്റെ കൈവശമുള്ള പ്ലക്കാര്‍ഡിലെ വാക്കുകള്‍ ഖമറുദ്ദീനും ഇബ്രാഹിം കുഞ്ഞിനുമെതിരേയുള്ള മുദ്രാവാക്യമായി എഴുതി ചേര്‍ത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത തിലകന്‍ എന്നയാളുടെ പേരിലാണ് ലീഗ് നേതാവ് പരാതി നല്‍കിയത്.

പരാതിയില്‍ പോലീസ് തുടര്‍നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചുള്ള പരാതി പിന്‍വലിക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പികെ ഫിറോസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Most Popular