നിര്‍മിത ബുദ്ധിക്ക് വേണ്ടിയുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിന് ഏറ്റവും യോജിച്ച ഭാഷ സംസ്‌കൃതമണോ? കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കറങ്ങി നടക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ പ്രോഗ്രാമിന് ഏറ്റവും യോജിച്ച ഭാഷ സംസ്‌കൃതമാണെന്ന് നാസ അവകാശപ്പെടുന്നുവെന്ന പ്രചാരണം സോഷ്യല്‍മീഡിയയില്‍ ശക്തമാണ്. ഇത് വെറും അവകാശവാദമല്ലെന്ന് ഉറപ്പിക്കാനായി റിക്ക് ബ്രിഗ്സ് എന്ന നാസയിലെ ഗവേഷകന്റെ പഠനഫലത്തോടൊപ്പമാണ് ഈ സന്ദേശം പരക്കുന്നത്. ഈ സോഷ്യല്‍ മീഡിയ സന്ദേശങ്ങളില്‍ എത്രമാത്രം വസ്തുതയുണ്ടെന്നാണ് പരലുടേയും സംശയം.
‘സംസ്‌കൃതത്തിലെ വിജ്ഞാനത്തിന്റെ പ്രാതിനിധ്യവും നിര്‍മിതബുദ്ധിയും’ എന്നായിരുന്നു 1985ല്‍ നാസയിലെ ഗവേഷകനായിരുന്ന റിക്ക് ബ്രിഗ്സ് തയാറാക്കിയ പഠനത്തിന്റെ തലക്കെട്ട്. എഐ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘ആയിരത്തിലേറെ വര്‍ഷം ഉപയോഗിച്ച സംസ്‌കൃതമെന്ന ഭാഷ നമുക്കുണ്ട്. സാഹിത്യപരമായ മൂല്യത്തിനൊപ്പം സംസ്‌കൃത കൃതികളില്‍ മനഃശാസ്ത്രപരവും വ്യാകരണ സംബന്ധവുമായ നിരവധി വിവരങ്ങളും അടങ്ങിയിരിക്കുന്നു’. ഇതേ പഠനത്തില്‍ ‘സാധാരണ ഭാഷ തന്നെ നമുക്ക് നിര്‍മിത ബുദ്ധിക്ക് വേണ്ട ഭാഷയായി ഉപയോഗിക്കാനാകും’ എന്ന മൂന്നര പതിറ്റാണ്ട് മുന്‍പുള്ള ചിന്തയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഇതേ ധാരണ വെച്ചാണ് റിക്ക് ബ്രിഗ്സ് സംസ്‌കൃതത്തെ നിര്‍മിത ബുദ്ധിയുമായി കൂട്ടിയോജിപ്പിക്കുന്നത്. ദീര്‍ഘകാലം മനുഷ്യര്‍ കൈകാര്യം ചെയ്ത ഭാഷയെന്ന പ്രാധാന്യത്തിലാണ് സംസ്‌കൃതത്തെ ബ്രിഗ്സ് അവതരിപ്പിക്കുന്നത്. അതേസമയം നിര്‍മിത ബുദ്ധിക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യമായ ഭാഷയാണ് സംസ്‌കൃതമെന്ന് ഒരിടത്ത് പോലും അദ്ദേഹം പറയുന്നുമില്ല. ഇത്തരമൊരു അവകാശവാദത്തെക്കുറിച്ച് നാസയും ഒരിടത്തും ഒരു പ്രതികരണം പോലും നടത്തിയിട്ടില്ലെന്ന വസ്തുത നിലനില്‍ക്കെയാണ് വ്യാജ പ്രചാരണം ശക്തമാകുന്നത്.
കംപ്യൂട്ടര്‍ ഭാഷയും മനുഷ്യര്‍ സാധാരണ ഉപയോഗിക്കുന്ന ഭാഷയും വ്യത്യസ്തമാണെന്ന ബോധ്യം റിക്ക് ബ്രിഗ്സിന്റെ പഠനം ഇപ്പോള്‍ വായിക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇംഗ്ലിഷ്, ഹിന്ദി, സംസ്‌കൃതം എന്നിവയെല്ലാം മനുഷ്യര്‍ ഉപയോഗിക്കുന്ന ഭാഷകളാണെങ്കില്‍ ലിസ്പ്, സി, പ്രോലോഗ് എന്നിവയൊക്കെയാണ് കംപ്യൂട്ടര്‍ ഭാഷകള്‍ക്ക് ഉദാഹരണം. മനുഷ്യര്‍ ഉപയോഗിക്കുന്ന ഭാഷകള്‍ മനസിലാക്കിയെടുക്കുക എന്നത് നിര്‍മിത ബുദ്ധിയുടെ ഒരു സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ സംസ്‌കൃതം നിര്‍മിത ബുദ്ധിക്ക് യോജിച്ച ഭാഷയാണെന്ന് നാസ അംഗീകരിച്ചെന്ന പ്രചാരണത്തെ നമുക്ക് കണ്ണും പൂട്ടി തള്ളികളയാം.
അമ്പത് വര്‍ഷം കൊണ്ട് ഇംഗ്ലിഷിനെ സംസ്‌കൃതം മറികടക്കുമെന്നുള്ള പ്രവചന സ്വഭാവത്തിലുള്ള സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റും മാസങ്ങള്‍ക്ക് മുന്‍പ് വലിയ തോതില്‍ പ്രചരിച്ചിരുന്നു ‘അമേരിക്കക്കാര്‍ ആഗോളതലത്തില്‍ പ്രചരിപ്പിച്ചതുകൊണ്ടാണ് നമ്മള്‍ ഇംഗ്ലിഷ് ഉപയോഗിക്കുന്നത്. വിദേശ സാങ്കേതികവിദ്യ ഉപയോഗിച്ച് നമ്മുടെ ഭാഷ ഉപയോഗിക്കുന്ന ലാപ്ടോപ്പുകള്‍ നമുക്ക് നിര്‍മിക്കാം. അമ്പതുവര്‍ഷം കൊണ്ട് ഇംഗ്ലീഷിനെ സംസ്‌കൃതം മറികടക്കും’ എന്നാണ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തത്.