Sunday, June 20, 2021
Home Gulf Qatar ദേശീയമേല്‍വിലാസ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മുടങ്ങും

ദേശീയമേല്‍വിലാസ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മുടങ്ങും

ദോഹ: ദേശീയ മേല്‍വിലാസ നിയമപ്രകാരം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിഴ ശിക്ഷയ്ക്കു പുറമേ സര്‍ക്കാര്‍ സേവനങ്ങള്‍ മുടങ്ങുകയും ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിേന്റതടക്കമുള്ള ഒട്ടേറെ സേവനങ്ങള്‍ ഇനിമുതല്‍ പൂര്‍ത്തിയാക്കണമെങ്കിലും ലഭ്യമാകണമെങ്കിലും ആ വ്യക്തി ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിരിക്കണം. വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന അവസരം 2020 ജൂലൈ 26 ആണ്.

മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് റസിഡന്റ്‌സ് പെര്‍മിറ്റ് പുതുക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ദേശീയ മേല്‍വിലാസം വിഭാഗം മേധാവി ലഫ്. കേണല്‍ ഡോ. അബ്ദുല്ല സായിദ് അല്‍ സഹ്‌ലി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനം 20 ലക്ഷത്തിലധികം പേര്‍ ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ രാജ്യത്തെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും ദേശീയ മേല്‍വിലാസം നിര്‍ബന്ധമാണ്.

ഈ വര്‍ഷം ജനുവരി 27നാണ് ദേശീയ മേല്‍വിലാസ നിയമം പ്രാബല്യത്തില്‍ വന്നത്. ജിസിസി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇത്തരമൊരു ഏകീകൃത മേല്‍വിലാസ നിയമം പാസാക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍. തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ 10,000 റിയാല്‍ പിഴ ചുമത്തുമെന്നും നിയമം അനുശാസിക്കുന്നു. ആറു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും 10,000 റിയാല്‍ പിഴ അടക്കേണ്ടി വരും. കോടതിയിലെത്തും മുമ്പ് 5000 റിയാല്‍ ബന്ധപ്പെട്ട അതോറിറ്റിയില്‍ അടച്ചാല്‍ കേസ് ഒത്തുതീര്‍പ്പിലെത്താം. നേരത്തേ രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ മെട്രാഷ് 2, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖാന്തരം ഉടന്‍തന്നെ വിവരങ്ങള്‍ പുതുക്കി നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

മെട്രാഷ് 2 വഴി എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാം
ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യുന്നതിന് ഏറ്റവും എളുപ്പ മാര്‍ഗം മെട്രാഷ് വഴിയാണെന്ന് ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റില്‍ നടത്തിയ പോളില്‍
ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യുന്നതിന് 4989 പേര്‍ (76 ശതമാനം) മെട്രാഷ് 2ന് മുന്‍ഗണന നല്‍കിയപ്പോള്‍ 1312 പേര്‍ ആഭ്യന്തര മന്ത്രാലയം ഇ സര്‍വിസ് പോര്‍ട്ടലിനെയും 261 പേര്‍ സര്‍വിസ് സെന്ററുകളെയും ആശ്രയിച്ചു. മേല്‍വിലാസ രജിസ്‌ട്രേഷന് മെട്രാഷ് 2 സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റോ ഉപയോഗപ്പെടുത്താം. ഓരോരുത്തരുടെയും ഖത്തറിലെ താമസസ്ഥലത്തെ വിലാസം, ലാന്‍ഡ്‌ലൈന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, തൊഴില്‍ സ്ഥലത്തെ വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ദേശീയ മേല്‍വിലാസ വിവരങ്ങള്‍.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പമാകും
നിയമപ്രകാരം നല്‍കുന്ന വിലാസമായിരിക്കും വിവിധ സര്‍ക്കാര്‍തല നടപടികള്‍ക്കായി ഉപയോഗിക്കുക. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍, പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി തുടങ്ങിയ മന്ത്രാലയങ്ങളും സ്ഥാപനങ്ങളുമുള്‍പ്പെടെയുള്ളവക്ക് ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍ വലിയ സഹായമാണ്.

കോവിഡ് മൂലം കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഇളവ്
അതേസമയം, കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിമൂലം വിദേശത്ത് പഠനത്തിനും ചികിത്സക്കും മറ്റുമായി പുറത്തുപോയ സ്വദേശികളും പ്രവാസികളടക്കമുള്ള രാജ്യത്തെ താമസക്കാരും ഖത്തറിലെത്താനാകാതെ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട കൃത്യമായ കാരണം ബോധിപ്പിച്ചാല്‍ ഇളവ് നല്‍കും.

Most Popular