Sunday, September 26, 2021
Home News Kerala ഭക്ഷണവും താമസിക്കാന്‍ ഇടവുമില്ല; പൊള്ളുന്ന ചൂടില്‍ ദിവസങ്ങളായി ഇറാന്‍ ദ്വീപില്‍ കുടുങ്ങി മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം

ഭക്ഷണവും താമസിക്കാന്‍ ഇടവുമില്ല; പൊള്ളുന്ന ചൂടില്‍ ദിവസങ്ങളായി ഇറാന്‍ ദ്വീപില്‍ കുടുങ്ങി മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം

ദുബയ്: മൂന്നു മലയാളികളടക്കം ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറാനിലെ ദ്വീപിലെ പൊള്ളുന്ന ചൂടില്‍ ദുരിതത്തില്‍. ജോലിക്ക് പോയില്ലെന്ന കാരണത്താല്‍ മല്‍സ്യബന്ധന ബോട്ടില്‍ നിന്ന് പുറത്താക്കിയ ഇവര്‍ കഴിക്കാന്‍ ഭക്ഷണം പോലുമില്ലാതെയാണ് നാലു ദിവസമായി ലാവന്‍ ദ്വീപില്‍ രാപ്പകലുകള്‍ തള്ളിനീക്കുന്നത്. നാട്ടിലേയ്ക്ക് മടങ്ങാന്‍ കപ്പലിന് കാത്തിരിക്കുന്നതിനാലാണ് തങ്ങള്‍ ജോലിക്ക് പോകാതിരുന്നതെന്നും ഇതേ തുടര്‍ന്ന് ഉടമ ബോട്ടില്‍ നിന്ന് പൊരിവെയിലിലേയ്ക്ക് ഇറക്കിവിട്ടെന്നും ഇവര്‍ പരാതിപ്പെട്ടു.

നാലു മാസം മുന്‍പാണ് ഇവര്‍ ദുബയ് വഴി ഇറാന്‍ ദ്വീപിലെത്തിയത്. ദിവസേന ജോലിയുണ്ടായിരുന്നെങ്കിലും കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് കോവിഡ് വ്യാപകമായത്. വിമാന സര്‍വീസ് നിര്‍ത്തിയതിനാല്‍ മടങ്ങാനുമായില്ല. പിന്നീട് ഏറെ മുറവിളികള്‍ക്ക് ശേഷം, ഇന്ത്യന്‍ എംബസി ബന്ധപ്പെടുകയും വൈകാതെ കപ്പലിലൂടെ സൗജന്യമായി നാട്ടിലെത്തിക്കാമെന്നു അറിയിക്കുകയും ചെയ്തു. ഈ മാസം 13നാണ് കപ്പലെത്തുക എന്നറിയുന്നു.

iran lavan island

ഇതിനിടെ തൊഴിലുടമ മത്സ്യബന്ധനത്തിന് പോകാന്‍ നിര്‍ബന്ധിച്ചെങ്കിലും ഇവര്‍ തയാറായില്ല. തൊഴിലുടമയുമായി ഉടക്കിലായതിനാല്‍ കപ്പല്‍ എത്തുന്ന, 13ാം തിയ്യതിക്കു മുന്‍പ് കരയിലെത്തിക്കില്ല എന്ന ആശങ്കയിലാണ് പോകാതിരുന്നതെന്ന് ഇവരിലൊരാളായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വര്‍ഗീസ് ടെലഫോണിലൂടെ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് രാത്രിയും പകലും കഴിച്ചുകൂട്ടിയിരുന്ന ബോട്ടില്‍ നിന്ന് ബാഗുകളും മറ്റും വലിച്ചെറിഞ്ഞ് പുറത്താക്കിയത്. ദുബയില്‍ നിന്നുള്ള യാത്രയ്ക്ക് ചെലവായ പണവും തൊഴിലുടമ തിരിച്ചാവശ്യപ്പെടുന്നുണ്ട്. വെള്ളം മാത്രം കുടിച്ചാണ് തങ്ങള്‍ കഴിയുന്നതെന്നും നാട്ടിലെ കുടുംബത്തെ ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ലെന്നും ഇവര്‍ പരയുന്നു.

ഇറാനിലെ ആള്‍താമസമില്ലാത്ത ലാവന്‍ ദ്വീപിന് ആകെ 78 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണമാണുള്ളത്. വിജന മരുഭൂമിയായ ലാവനില്‍ ആകെ മൂന്ന് കെട്ടിടങ്ങള്‍ മാത്രമാണ് ഉള്ളത്. വര്‍ഗീസിനെ കൂടാതെ, തിരുവനന്തപുരം വിഴിഞ്ഞം സ്വദേശികളായ അലക്‌സാണ്ടര്‍, ആരോഗ്യദാസ്, തമിഴ്‌നാട് സ്വദേശികളായ പ്രതാപ് ഗുണശേഖരന്‍, വില്‍സണ്‍, ഡേവിഡ് അന്തോണിസാമി എന്നിവരാണ് ദുരിതത്തിലായത്.

രാത്രി ശക്തമായ മഞ്ഞുവീഴ്ചയുമുണ്ടാകുന്നതിനാല്‍ എന്തെങ്കിലും അസുഖം ബാധിച്ച് ജീവാപായമുണ്ടാകുമോ എന്നും ഭയക്കുന്നു. ബോട്ടിന്റെ ക്യാപ്റ്റനായ തമിഴ്‌നാട്ടുകാരനാണ് തങ്ങളെ ചതിച്ചതെന്ന് ഇവര്‍ പരാതിപ്പെട്ടു. എംപിമാരായ ശശിതരൂര്‍, കെ.സുധാകരന്‍ എന്നിവര്‍ പ്രശ്‌നത്തില്‍ നേരത്തെ ഇടപെട്ടിരുന്നതായും ഇത് വാര്‍ത്തയായപ്പോള്‍ വിഡിയോ കണ്ട തൊഴിലുടമ ഭീഷണി മുഴക്കിയതായും ഇവര്‍ ആരോപിച്ചു.


 

Most Popular