കൊറോണ വ്യാപനം തടയാനുള്ള ഇഹ്തിറാസ് ആപ്പ് സ്വകാര്യത ലംഘിക്കില്ലെന്ന് അല്‍ ഖാത്തര്‍

lolwah al khater corona ramadan message

ദോഹ: കൊറോണ വ്യാപനം തടയുന്നതിന് ഖത്തര്‍ പുറത്തിറക്കുന്ന ഇഹ്തിറാസ എന്ന ആപ്പ് സ്വകാര്യത ലംഘിക്കുമെന്ന ആശങ്ക സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍ തള്ളി. അല്‍ അറബി ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇഹ്തിറാസ് ആപ്പിലെ വിവരങ്ങള്‍ ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമേ ലഭ്യമാവൂ എന്ന് അല്‍ ഖാത്തര്‍ വ്യക്തമാക്കി. ജിപിഎസും ബ്ലൂടൂത്തും ഉപയോഗിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. രോഗപ്പകര്‍ച്ചയുടെ ചെയിനും രോഗിയുടെ റൂട്ട് മാപ്പും മനസ്സിലാക്കി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് നല്‍കുന്ന രീതിയിലാണ് ഇഹിതിറാസ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.

ഇഹ്തിറാസ് ഉപയോഗിക്കുന്ന ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചാല്‍ അടുത്ത കാലത്ത് അയാള്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ മുഴുവന്‍ ആപ്പ് കണ്ടെത്തി ട്രാന്‍സ്മിഷന്‍ ചെയിന്‍ മനസ്സിലാക്കും. ആരുമായൊക്കെ സമ്പര്‍ക്കത്തിലായിട്ടുണ്ട് എന്ന് മനസ്സിലാക്കി പകര്‍ച്ചവ്യാധി തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണ്‍ ക്രമാനുഗതമായി എടുത്തു നീക്കുമെന്ന് അല്‍ ഖാത്തര്‍ അറയിച്ചു. ഈ പ്രദേശത്ത് പകര്‍ച്ചവ്യാധി വ്യാപകമായതിനെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ ചെയ്തത്. മൂന്ന് ഹെല്‍ത്ത് ക്ലിനിക്കുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രദേശത്ത് 3000 പേര്‍ക്ക് കൊറോണ പരിശോധന നടത്തിയതായും അവര്‍ പറഞ്ഞു. രാജ്യമൊട്ടാകെ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ എപ്പോള്‍ പിന്‍വലിക്കുമെന്നത് പ്രഖ്യാപിക്കാനുള്ള സമയയമായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന. ക്രമാനുഗതമായി മാത്രമേ നിയന്ത്രണം നീക്കാനാവൂ എന്ന് അവര്‍ പറഞ്ഞു.

No privacy violation with COVID-19 risk-detector app: Khater