ഒമിക്രോണ്‍ ഗള്‍ഫിലുമെത്തി; ആശങ്കയോടെ പ്രവാസികള്‍

omicron

ജിദ്ദ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഗള്‍ഫില്‍ ആദ്യമായി കണ്ടെത്തി. സൗദി അറേബ്യയിലാണ് വൈറസ് സാന്നിധ്യം. വടക്കേ ആഫ്രിക്കയില്‍ നിന്നെത്തിയ സ്വദേശി പൗരന് രോഗ ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗബാധിതനായ വ്യക്തിയെയും അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും അടുത്തിടപഴകിയവരെയും ക്വാറന്റീനിലാക്കിയതായും ആവശ്യമായ ആരോഗ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സ്വദേശികളും വിദേശികളും കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ സൗദിയില്‍ വിവിധ വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമെല്ലാം പരിശോധന കര്‍ശനമാക്കിയിരുന്നു. രോഗം കണ്ടെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വിദേശികള്‍ക്ക് യാത്ര വിലക്കും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി ഗള്‍ഫ് രാജ്യങ്ങള്‍ പതുക്കേ സാധാരണ നിലയിലാവുന്ന സന്ദര്‍ഭത്തിലുണ്ടായ ഒമിക്രോണ്‍ ഭീഷണി പ്രവാസികളില്‍ വീണ്ടും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ നേരിട്ട് യാത്രാനുമതി സൗദി ഈയിടെയാണ് നല്‍കിയത്. പുതിയ സാഹചര്യത്തില്‍ വീണ്ടും കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ വരുമോ എന്ന ഭീതിയിലാണ് പ്രവാസികള്‍.