മതേതരമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: മലേഷ്യന്‍ പ്രധാനമന്ത്രി

ക്വലാലംപൂര്‍: ഇന്ത്യയിലെ പൗരത്വം ഭേദഗതി നിയമം മുസ്ലികള്‍ക്കെതിരേ വിവേചനം കാണിക്കുന്നതാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. ക്വാലാലംപൂര്‍ ഉച്ചകോടിക്കിടെയാണ് അദ്ദേഹം പൗരത്വ ഭേദഗതി നിയമത്തിനെതിരേ ആഞ്ഞടിച്ചത്. 70 വര്‍ഷമായി ജനങ്ങള്‍ പരസ്പര സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഒരു രാജ്യത്ത് ഇപ്പോള്‍ ഇങ്ങിനെയൊരു നിയമത്തിന്റെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

ഈ നിയമം കാരണം ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. 70 വര്‍ഷമായി ജനങ്ങള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന ഒരു രാജ്യത്ത് ഇതിന്റെ ആവശ്യമെന്താണ്-അദ്ദേഹം ചോദിച്ചു. മതേതരമെന്ന് അവകാശപ്പെടുന്ന ഒരു രാജ്യം ഒരു വിഭാഗം മുസ്ലിംകളുടെ പൗരത്വം എടുത്തു കളയാന്‍ ശ്രമക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇതേ കാര്യം മലേഷ്യയില്‍ ചെയ്യുകയാണെങ്കില്‍ എന്ത് സംഭവിക്കും. ലഹളയും അസ്ഥിതരതയുമാണ് ഉണ്ടാവുക. എല്ലാവരും അതിന്റെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും-മഹാതീര്‍ മുഹമ്മദ് പറഞ്ഞു.

എന്നാല്‍, ആരോപണം ഇന്ത്യ തള്ളിക്കളഞ്ഞു. നിയമം ഏതെങ്കിലും ഇന്ത്യന്‍ പൗരന്റെ പൗരത്വത്തെ ബാധിക്കില്ലെന്നും നിയമത്തില്‍ വിവേചനം ഇല്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പ്രതികരിച്ചു.