ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാന്റെ ഫോണുകൾ മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ. യാത്രക്കാരന്റെ ബാഗില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച എയർപോർട്ട് ജീവനക്കാരനാണ് അറസ്റ്റിലായത്. ഇയാൾക്ക് ദുബൈ കോടതി മൂന്ന് മാസം തടവും 28,000 ദിര്‍ഹം പിഴയും വിധിച്ചു. 29 വയസുകാരനായ പ്രതി, മോഷ്ടിച്ച ഫോണുകള്‍ പകുതി വിലയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ സ്റ്റോറില്‍ വിൽക്കാൻ ശ്രമിക്കവെയാണ് പിടിയിലാവുന്നത്.
2021 മാര്‍ച്ച് മാസത്തിലായിരുന്നു സംഭവം. നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന പ്രവാസിയുടെ ഫോണാണ് മോഷണം പോയത്. ഇയാൾ വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് ഫോൺ മോഷണം പോയ വിവരം അറിയുന്നത്. പിന്നീട് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
വിമാനത്താവളത്തിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പോര്‍ട്ടര്‍ മോഷണം നടത്തുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി വാങ്ങിയ ശേഷം ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു.