Saturday, June 12, 2021
Home Uncategorized തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഖത്തറില്‍ വേനല്‍ക്കാല ജോലി സമയങ്ങളില്‍ മാറ്റം വരുത്തി ഖത്തര്‍ മന്ത്രി സഭ

തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഖത്തറില്‍ വേനല്‍ക്കാല ജോലി സമയങ്ങളില്‍ മാറ്റം വരുത്തി ഖത്തര്‍ മന്ത്രി സഭ

ദോഹ: ഖത്തറില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തി മന്ത്രിസഭാ തീരുമാനം. അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അനുമതി.
പുതിയ തീരുമാന പ്രകാരം ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 15 വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലെ പത്തു മുതല്‍ ഉച്ചക്ക് 3.30 വരെ വിശ്രമിക്കാം.
ഇതുവരെ എല്ലാ വര്‍ഷവും ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ രാവിലെ 11.30 മുതല്‍ ഉച്ചക്ക് 3.00 വരെയായിരുന്നു വേനല്‍ക്കാലത്തു തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനെ വിലക്കുന്ന ഉച്ചവിശ്രമ നിയമം നടപ്പാക്കിയിരുന്നത്.
എന്നാല്‍ പുതിയ വ്യവസ്ഥ പ്രകാരം തൊഴിലാളികള്‍ക്ക് രണ്ടു മണിക്കൂര്‍ അധിക വിശ്രമ സമയമാണ് ലഭിക്കുന്നത് എന്നതിനാല്‍ തീരുമാനം തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും.
വേനല്‍ക്കാലത്ത് തുറസായ തൊഴിലിടങ്ങളിലെ ജോലി സമയം കുറക്കുന്നത് സംബന്ധിച്ച സിവില്‍ സര്‍വീസ് കാര്യ മന്ത്രിയുടെ 2007 ലെ 16-ാം നമ്പര്‍ തീരുമാനത്തിന് പകരമായാണ് പുതിയ മന്ത്രിതല തീരുമാനം. വേനല്‍ക്കാല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.
അതേസമയം, കടുത്ത ചൂടില്‍ പുറം തൊഴിലിലില്‍ ഏര്‍പ്പെടുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്നതിനാലാണ് എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.

Most Popular