Saturday, October 23, 2021
HomeUncategorizedഖത്തറിലെ പ്രവാസികള്‍ക്ക് ഇനി രാജ്യത്തിന് പുറത്തുപോകാം; എന്‍ട്രി പെര്‍മിറ്റ് ഈ മാസം 29 മുതല്‍ ഓട്ടോമാറ്റിക്ക്

ഖത്തറിലെ പ്രവാസികള്‍ക്ക് ഇനി രാജ്യത്തിന് പുറത്തുപോകാം; എന്‍ട്രി പെര്‍മിറ്റ് ഈ മാസം 29 മുതല്‍ ഓട്ടോമാറ്റിക്ക്

ദോഹ: ഖത്തറിലുള്ള പ്രവാസികള്‍ക്ക് ഇനി ആശങ്കയില്ലാതെ രാജ്യത്തിന് പുറത്തുപോകാം. അപേക്ഷ നല്‍കാതെ തന്നെ മടങ്ങിയെത്താനുള്ള റിട്ടേണ്‍പെര്‍മിറ്റ് ഓട്ടോമാറ്റികായി ലഭിക്കുന്ന പുതിയ സംവിധാനം നവംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരും. കോവിവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതിന്റെ ഘട്ടഘട്ടമായുള്ള നടപടിയുടെ ഭാഗമാണിതെന്ന് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് അറിയിച്ചു.

ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ ഇതിന്റെ പ്രിന്റ് ഔട്ട് യാത്രചെയ്യുന്നയാളിനോ തൊഴിലുടമക്കോ എടുക്കാവുന്നതാണ്. ഖത്തറില്‍ നിന്നും പുറത്തുകടക്കുന്നതോടെ ഓട്ടോമാറ്റിക് ആയി ഈ പെര്‍മിറ്റ് ലഭ്യമാകും. ഖത്തര്‍ പോര്‍ട്ടല്‍ വഴി റിട്ടേണ്‍പെര്‍മിറ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിനു് അതോടെ മാറ്റം വരും.

പ്രവാസി താമസക്കാരന്‍ ഖത്തറില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് എക്‌സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുമെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് വ്യക്തമാക്കി. താമസക്കാരന്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് ദോഹ ഹമദ് വിമാനത്താവളത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് ഓട്ടോമാറ്റിക്കായി എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നത്. എന്നാല്‍ ഖത്തറിന് പുറത്തുള്ള പ്രവാസികള്‍ക്ക് തിരികെയെത്താന്‍ ഖത്തര്‍ പോര്‍ട്ടല്‍ മുഖേന എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കുക തന്നെ വേണം.

അതേസമയം, രാജ്യത്തിന് പുറത്തുപോകുന്നവര്‍ തിരിച്ചുവരുമ്പോള്‍ ക്വാറന്റൈന്‍ കാലാവധി ഒരാഴ്ചയായിരിക്കും. ഈ കാലാവധി എല്ലാ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ബാധകമാണ്. ഇന്ത്യയില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ തുടര്‍ന്നും നിര്‍ബന്ധമായിരിക്കും. മറ്റുള്ളവരുടെ കൂടെ ഷെയര്‍ ചെയ്ത് താമസിക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ രണ്ട് ആഴ്ചയായിരിക്കും

ഖത്തര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നാണ് വരുന്നതെങ്കില്‍ യാത്രക്ക് 48 മണിക്കൂറിന് മുന്‍പ് നടത്തിയ കൊവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ വിമാനത്താവളത്തിലെ പരിശോധന ഒഴിവാകും. ക്വാറന്റൈനിലെ ആറാമത്തെ ദിവസമാകും കോവിഡ് പരിശോധന നടത്തുക. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവരാണെങ്കില്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തും.

Most Popular