ഖത്തറിൽ സ്മാർട് പാർക്കിങ് സർവീസിന് തുടക്കമായി

ദോഹ: രാജ്യത്തെ പാർക്കിങ് പ്രശ്‌നങ്ങൾക്ക് പരിഹാരമായി സ്മാർട് പാർക്കിങ് സർവീസിന് തുടക്കമായി. മന്ത്രാലയത്തിന്റെ സ്മാർട് ഖത്തർ പ്രോഗ്രാമിന്റെ (തസ്മു) ഭാഗമായാണ് രാജ്യത്തെ ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും ഏകീകൃത ഡിജിറ്റൽ അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള പുതിയ സേവനം.

ഇതിനായി വെസ്റ്റ്‌ബേയിൽ 1,909, കോർണിഷിൽ 227, സെൻട്രൽ ദോഹയിൽ 1,164 എന്നിങ്ങനെ 3,300 പാർക്കിങ് സെൻസറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അഹമ്മദ് അൽ സുലൈത്തി, വാർത്താവിനിമയ-വിവരസാങ്കേതിക മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായി എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രസിഡന്റ് ഡോ.എൻജി.സാദ് ബിൻ അഹമ്മദ് അൽ മുഹന്നദി എന്നിവർ പങ്കെടുത്തു.