ദോഹ: കൊറോണാ ചികില്‍സ തേടേണ്ടതുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നതിന് 11 ഭാഷകളില്‍ സൗകര്യമൊരുക്കി ഖത്തര്‍ കംപ്യൂട്ടിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(ക്യുസിആര്‍ഐ).
ജനങ്ങളെ ബോധവല്‍ക്കരിക്കുകയും എപ്പോഴാണ് വൈദ്യസഹായം തേടെണ്ടതെന്ന് ബോധ്യപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് ആശുപത്രികളിലെ അനാവശ്യ തിരക്ക് കുറയ്ക്കാനും രോഗവ്യാപനം തടയാനും സഹായിക്കുമെന്നാണു പ്രതീക്ഷയെന്ന് ക്യുസിആര്‍ഐ സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. ഫൈസല്‍ ഫാറൂഖ് ഗള്‍ഫ് ടൈംസിനോട് പറഞ്ഞു. https://covid19.qcri.org/ എന്ന ലിങ്കില്‍ പോയാല്‍ കംപ്യൂട്ടറിലും സ്മാര്‍ട്ട് ഫോണിലും ഇത് ചെയ്യാം.
ഇംഗ്ലീഷ്, അറബിക് എന്നിവയ്ക്കു പുറമേ മലയാളം, ഹിന്ദി, ഉറുദു, പഞ്ചാബി, നേപ്പാളി, സിംഹള, തമിഴ്, ഫിലിപ്പിനോ, ബംഗള ഭാഷകളിലാണ് സ്വയം പരിശോധനാ സംവിധാനം ലഭ്യമായിട്ടുള്ളത്. ലോകാരോഗ്യ സംഘടന, യുഎസ് കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ എന്നിവയുടെ മാര്‍ഗനിര്‍ദേശ പ്രകാരവും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുമാണ് സ്വയം പരിശോധനയ്ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
അഞ്ച് ലളിതമായ ചോദ്യങ്ങള്‍ക്ക് അതേ അല്ലെങ്കില്‍ അല്ല എന്ന് ഉത്തരം നല്‍കുന്നതോടെ വൈദ്യസഹായം തേടേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് നിര്‍ദേശം ലഭിക്കും. ഇതിനു വേണ്ടി പല ആപ്പുകളും ലഭ്യമാണെങ്കിലും ഖത്തറില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന പ്രാദേശിക ഭാഷകളില്‍ ചോദ്യങ്ങള്‍ നല്‍കുന്നു എന്നതാണ് തങ്ങളുടെ പ്രത്യേകതയെന്ന് ക്യുസിആര്‍ഐ വ്യക്തമാക്കി.
QCRI develops self-assessment tool for virus in 11 languages