ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ അപൂര്‍വ്വ പുസ്തകങ്ങള്‍

Doha Book Fair

ദോഹ: വ്യാഴാഴ്ച്ച ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ദോഹ അന്താരാഷ്ട്ര പുസ്തക മേളയില്‍ അത്യപൂര്‍വ്വ പുസ്തകങ്ങളുടെ പ്രദര്‍ശനം. പാശ്ചാത്യലോകത്ത് ഖത്തറിനെക്കുറിച്ചുള്ള പരമാര്‍ശവുമായി ആദ്യമായി പ്രിന്റ് ചെയ്യപ്പെട്ട രേഖ എന്ന് കരുതുന്ന ഇറ്റാലിയന്‍ പുസ്തകമാണ് അതില്‍ പ്രധാനം.

1590ല്‍ പ്രസിദ്ധീകരിച്ച് വിയാഗിയോ ഡെല്‍ ഇന്‍ഡീ ഓറിയെന്റാലി എന്ന പുസ്തകം അപൂര്‍വ്വ പുസ്തകങ്ങളുടെ വില്‍പ്പനക്കാരായ ആന്റിക്വാറിയറ്റ് ഇന്‍ലിബ്രിസ് ആന്റ് ആന്റിക്വാറിയറ്റ് ഫോറത്തിന്റെ പവലിയനിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 16ാം നൂറ്റാണ്ടില്‍ തന്നെ ഖത്തര്‍ പാശ്ചാത്യലോകത്ത് അറിയപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് ഈ പുസ്തകമെന്ന് ആന്റിക്വാറിയറ്റ് ഫോറം പ്രതിനിധി ലോറന്‍സ് ആര്‍ ഹെസന്‍ലിങ്ക് പറഞ്ഞു.

1,50,000 യൂറോ വിലവരുന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ്, വെനീഷ്യന്‍ സഞ്ചാരിയും രത്‌നവ്യാപാരിയുമായി ജാപരോ ബാല്‍ബിയുടെ യാത്രാ അനുഭവങ്ങളാണ്. അറബ് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വിവരിക്കുന്ന പുരാതന പുസ്തകങ്ങള്‍, കൈയെഴുത്തുരേഖകള്‍, ഫോട്ടോഗ്രാഫുകള്‍ തുടങ്ങിയ അപൂര്‍വ്വ രേഖകളുടെ വന്‍ശേഖരം തന്നെ ആന്റിക്വാറിയറ്റ് ഇന്‍ലിബ്രിസ് ആന്റ് ആന്റിക്വാറിയറ്റ് ഫോറത്തിന്റെ പവലിയനില്‍ ഉണ്ട്.

1577ല്‍ പ്രിന്റ് ചെയ്ത അറേബ്യ, പേര്‍ഷ്യ, ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ വിവരണം അടങ്ങിയ ലോഡോവിക്കോ ഡി വാര്‍തെമയും പ്രദര്‍ശനത്തിനുണ്ട്. ഇന്ത്യയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും ആടയാഭരണങ്ങളും ചിത്രീകരിക്കുന്ന 250 ചിത്ര പ്ലേറ്റുകളാണ് മറ്റൊരു അപൂര്‍വ്വ ശേഖരം. 1796ല്‍ കൊല്‍ക്കത്തയില്‍ പ്രിന്റ് ചെയ്തതാണിത്.

31 രാജ്യങ്ങളിലെ 335ല്‍ അധികം പ്രസാധക സ്ഥാപനങ്ങളാണ് ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. 797 പവിലിയനുകളാണ് മേളയിലിടം നേടിയിട്ടുള്ളത്. ഇന്ത്യയില്‍നിന്ന്് ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് (ഐപിഎച്ച്), ഗുഡ് വേള്‍ഡ് തുടങ്ങിയ പ്രസാധകര്‍ മേളയ്‌ക്കെത്തിയിട്ടുണ്ട്.

Content Highlights: Rare books on show at Doha Book Fair