മത്സ്യത്തൊഴിലാളിയായ സജീവന്റെ മരണത്തിന് കാരണം സർക്കാരിന്റെ അനാസ്ഥയെന്ന് ടി.ജെ വിനോദ് എം.എൽ.എ.
കഴിഞ്ഞ സെപ്തംബറിൽ ഈ തലതിരിഞ്ഞ ഭരണ പരിഷ്കാരങ്ങൾ മൂലം പൊതുജനത്തിന് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ വകുപ്പ് മന്ത്രിയുടെയും ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടികളും ഇന്നേ വരെ ഉണ്ടായില്ല. അനാവശ്യമായ പരിഷ്കാരങ്ങൾ മൂലം ഇന്ന് ആർ.ഡി.ഒ ഓഫീസിൽ പൊതുജനങ്ങൾക്ക് സേവനം സ്തംഭിച്ച അവസ്ഥയാണ്.
നേരിട്ട് അപേക്ഷ സമർപ്പിക്കണം, സ്ഥലമുടമ കിടപ്പുരോഗിയാണെങ്കിൽ സുഹൃത്തിന്റെയോ സഹായിയുടെയോ കയ്യിൽ അപേക്ഷ കൊടുത്തുവിടാനുള്ള അവസരം പോലും ഇന്ന് ആ ഓഫീസിൽ ഇല്ല. ശാരീരികമായി വയ്യാത്ത ആളുകൾ ആണെങ്കിൽ പോലും നേരിട്ട് വരണമെന്നാണ് അവിടെ ഉള്ള ഉദ്യോഗസ്ഥർ പറയുന്നത്. ഭൂമിശാസ്ത്രപരമായി ജില്ലയെ കുറിച്ച് അറിയാത്ത ഉദ്യോഗസ്ഥരെ തന്ത്ര പ്രധാന സ്ഥാനങ്ങളിൽ ഇരുത്തിയതിന്റെ കുഴപ്പമാണിത്. ഈ നടപടികളും ചട്ടങ്ങളുമെല്ലാം സാധാരണക്കാരായ ജനങ്ങൾക്ക് മാത്രമേ ബാധകമുള്ളൂ, ഫോർട്ട് കൊച്ചി ആർ.ഡി.ഓ ഓഫീസിൽ ഇപ്പോഴും ഏജന്റുമാർക്ക് പൈസ കൊടുത്താൽ ഫയൽ നീക്കം വേഗത്തിൽ നടക്കും. ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ട് കച്ചവടമാണിത്.
മൽസ്യതൊഴിലാളിയായ സജീവൻ ബാങ്ക് ലോൺ എടുക്കാൻ ആണ് ഈ താമസിക്കുന്ന വീട് പുരയിടമാക്കി രേഖകളിൽ മാറ്റുനതിനു ആർ.ഡി.ഒ ഓഫീസിനെ സമീപിച്ചത്.
സജീവന്റെ മരണം സർക്കാർ അനാസ്ഥ മാത്രമാണ്. ഇത് ആത്മഹത്യ ആയിട്ട് എനിക്ക് കാണാൻ ആവില്ല, ഉദ്യോഗസ്ഥരുടെ ചേർന്ന് നടത്തിയ കൊലപാതകമാണിത്. ഈ മരിച്ച വ്യക്തിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. തീർത്തും അപലപനീയം. ഒരു ജനപ്രതിനിധി എന്ന നിലയിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ സർക്കാർ മുഖവിലയ്ക്കെടുത്തിരുന്നെങ്കിൽ ഇന്ന് സജീവന്റെ കുടുംബം അനാഥമാവില്ലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.