സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അപേക്ഷിക്കാനുള്ള സംവിധാനമൊരുങ്ങി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

expatriates can return from saudi

റിയാദ്: സൗദിയില്‍ നിന്നു നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഔദ പോര്‍ട്ടല്‍ എന്ന സേവനം ആരംഭിച്ചു. കോവിഡിന്റെ പശ്ചാതലത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അബ്ഷീറില്‍ പുതിയ സംവിധാനം ആരംഭിച്ചത്. വിമാനമിറങ്ങാന്‍ ഇന്ത്യ അനുമതി പ്രവാസികള്‍ക്ക് അടുത്ത മാസം ആദ്യവാരത്തില്‍ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലേക്ക് പോകാനാകും.

യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എക്‌സിറ്റ്, റീ എന്‍ട്രി എന്നിവ അടിച്ച ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സന്ദര്‍ശക വിസയിലുള്ളവര്‍ക്കും അപേക്ഷ നല്‍കാം. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്കും അപേക്ഷിക്കാമെങ്കിലും റീ എന്‍ട്രിയോ എക്‌സിറ്റോ അടിച്ചാലേ അപേക്ഷ നല്‍കാനാകൂ. ഇതിനുള്ള നടപടികള്‍ ആദ്യം പൂര്‍ത്തിയാക്കണം.

രജിസ്റ്റര്‍ ചെയ്യേണ്ട രീതി:

1. അബ്ഷീറിനായി പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ ഔദ എന്ന പേരില്‍ വിമാനത്തിന്റെ ചിഹ്നമുള്ള ലിങ്ക് കാണാം. ഇതില്‍ ക്ലിക്ക് ചെയ്താണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് എക്‌സിറ്റോ, റീ എന്‍ട്രിയോ അടിക്കണം.

2. ഇഖാമയുള്ളവര്‍ ഇഖാമ നമ്പറോ, സന്ദര്‍ശന വിസയിലുള്ളവര്‍ ബോര്‍ഡര്‍ നമ്പറോ നല്‍കണം. തുടര്‍ന്ന് ജനന തിയതി, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ക്കണം. സൗദി മൊബൈല്‍ നമ്പറിലെ ആദ്യത്ത പൂജ്യം ഒഴിവാക്കി ബാക്കിയുള്ള നമ്പര്‍ നല്‍കിയാല്‍ മതി. അപേക്ഷക്കൊപ്പം നല്‍കുന്ന മൊബൈല്‍ നമ്പറില്‍ പിന്നീട് വരുന്ന മൊബൈല്‍ സന്ദേശങ്ങള്‍ ശ്രദ്ധിക്കണം.

3. തുടര്‍ന്ന് പുറപ്പെടാനാഗ്രഹിക്കുന്ന വിമാനത്താവളം തിരഞ്ഞെടുക്കാം. റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളില്‍ നിന്നേ സൗദി എയര്‍ലൈന്‍സ് വിമാനമുണ്ടാകൂ. നാട്ടില്‍ ഇറങ്ങാനാഗ്രഹിക്കുന്ന വിമാനത്താവളത്തിന്റെ വിവരങ്ങളും അനുബന്ധ വിവരങ്ങളും ലിങ്കില്‍ നല്‍കണം.

saudi expatriates return

4. സമര്‍പ്പിക്കുന്ന അപേക്ഷ ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. തടസ്സങ്ങളൊന്നുമില്ലെങ്കില്‍ യാത്രാ തിയതിയും ടിക്കറ്റ് ബുക്കിങ് നമ്പറും നല്‍കും. നിശ്ചിത സമയത്തിനകം പണമടക്കണം. ഒരു വശത്തേക്ക് മാത്രമേ സര്‍വീസ് നടത്തൂ എന്നതിനാല്‍ അതിനനുസരിച്ചുള്ള ടിക്കറ്റ് നിരക്കാവും വരിക.

5. ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടെ ടിക്കറ്റ് ഉറപ്പിച്ചതായുള്ള സന്ദേശം ലഭിക്കും. ഇക്കാര്യം പിന്നീട് ഔദ പോര്‍ട്ടല്‍ വഴി പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യാം.

വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പദ്ധതി. ഇന്ത്യയിലേക്കും സേവനം ലഭ്യമാകും. എന്നാല്‍ കേന്ദ്രം അനുവദിച്ചാലേ വിദേശ വിമാനങ്ങള്‍ക്ക് ഇറങ്ങുവാനാകൂ.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ തുടങ്ങാം: https://bit.ly/2S0z6tK

എപ്പോള്‍ മുതലാണ് വിമാനങ്ങള്‍ തുടങ്ങുക എന്നത് അപേക്ഷ നല്‍കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ എസ്എംഎസായാണ് വിവരം ലഭിക്കുക.

saudi arabi started online registration for expatriates return