റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സൗദി ടൂറിസ്റ്റ് വിസ അടുത്ത വര്‍ഷം ആദ്യം പുനരാരംഭിക്കും. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് വാക്സിന് നേരത്തേ ലഭ്യമാക്കുകയാണെങ്കില്‍ ടൂറിസ്റ്റ് വിസ നേരത്തെ നല്‍കുന്നത് പരിഗണിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ 25 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര സൗദി നിര്‍ത്തലാക്കിയിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ മാര്‍ച്ചില്‍ സമ്പൂര്‍ണ യാത്രാനിരോധനം ഏര്‍പ്പെടുത്തി. ഇത് രാജ്യത്തെ ടൂറിസം മേഖലയില്‍ 45 ശതമാനം വരെ ഇടിവുണ്ടാക്കിയതായാണ് കണക്കാക്കുന്നത്. ലോക് ഡൗണ്‍ ഇളവ് നല്‍കിയതോടെ ആഭ്യന്തര ടൂറിസത്തില്‍ 30 ശതമാനം വളര്‍ച്ചയുണ്ടായതായും മന്ത്രി സൂചിപ്പിച്ചു.
മക്കന്മ കിസ്വ ഫാക്ടറി, ഹറം എക്സിബിഷന്, ലൈബ്രറി എന്നിവ ഒക്ടോബര്‍ 18 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ ശക്തമാക്കിയാണ് പ്രവേശനം.