News Flash
X
വിന്റര്‍ സീസണ്‍ ഫെസ്റ്റിവലിന് ഒരുങ്ങി സൗദി അറേബ്യ

വിന്റര്‍ സീസണ്‍ ഫെസ്റ്റിവലിന് ഒരുങ്ങി സൗദി അറേബ്യ

personSJ access_timeThursday October 22, 2020
HIGHLIGHTS
നവംബര്‍ 15ന് ശൈത്യകാലോത്സവത്തിന് തുടക്കം കുറിക്കും.

യാംബു: തണുപ്പ് കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ടൂറിസം വകുപ്പ് വിന്റര്‍ സീസണ്‍ ഫെസ്റ്റിവലിന് ഒരുങ്ങി സൗദി അറേബ്യ. നവംബര്‍ 15ന് ശൈത്യകാലോത്സവത്തിന് തുടക്കം കുറിക്കും. കലാസാംസ്‌കാരിക പൈതൃക പരിപാടികളും വാണിജ്യ, ടൂറിസം പരിപാടികളും അരങ്ങേറും. ഇതിനായി രാജ്യത്ത് 18 ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് തയ്യാറെടുക്കുന്നത്. മക്ക, മദീന, ജിദ്ദ, റിയാദ്, ത്വാഇഫ്, അല്‍ഖോബാര്‍, അല്‍അഹ്സ, ദമ്മാം, അബഹ, ജീസാന്‍, അല്‍ബാഹ, അല്‍ഉല, ദറഇയ, ഹാഇല്‍, യാംബു, ഉംലജ് തുടങ്ങിയവയാണ് ആഘോഷ കേന്ദ്രങ്ങള്‍.

ഫീല്‍ഡ് ട്രിപ്പുകള്‍, സെമി ബോണ്‍ഫയര്‍, ബാര്‍ബിക്യൂ, ചരിത്ര, പൈതൃക, പുരാവസ്തു കേന്ദ്രങ്ങളുടെ സന്ദര്‍ശനം, ബീച്ചുകളിലെ ഉല്ലാസം തുടങ്ങിയ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് സഞ്ചാരികളെ ആകര്‍ഷിക്കാനായി ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടാതെ സാംസ്‌കാരിക പാരമ്പര്യ കലാപ്രകടനങ്ങള്‍, പ്രാദേശിക പൈതൃകോത്സവങ്ങള്‍, കരകൗശല കൈത്തറി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും, പാചകമേളകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദ പരിപാടികള്‍ എന്നിവയും ഒരുക്കും. ടൂര്‍ ഓപറേറ്റര്‍മാര്‍ ഓണ്‍ലൈന്‍ വഴി വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കും. ടൂറിസം പരിപാടികള്‍ ഓണ്‍ലൈനായി നിയന്ത്രിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാനും ആഭ്യന്തര ടൂറിസം വികസിപ്പിക്കാനുമുള്ള പദ്ധതികളാണ് ലക്ഷ്യമാക്കുന്നത്.

സൗദി ടൂറിസം ആന്‍ഡ് നാഷനല്‍ ഹെറിറ്റേജ് അതോറിറ്റിയുടെ കീഴിലുള്ള ‘റൂഹ് സഊദിയ്യ’എന്ന പേരിലുള്ള സൗദി ടൂറിസം ആപ്ലിക്കേഷന്‍ 2,50,000 പേര്‍ ഡൗണ്‍ലോഡ് ചെയ്തതായും ആറു ലക്ഷം പേര്‍ സൈറ്റ് സന്ദര്‍ശിച്ചതായും ടൂറിസം അതോറിറ്റി അറിയിച്ചു. സൗദിയിലെ ടൂറിസവുമായി ബന്ധപ്പെട്ട സൈറ്റുകളും ടൂറിസ്റ്റ് സൈറ്റുകളുടെ മാപ്പ് ഗൈഡ്, ഹോട്ടലുകളും മറ്റും ബുക്ക് ചെയ്യാനും മറ്റുമുള്ള സൗകര്യങ്ങള്‍ എന്നിവ ടൂറിസം മന്ത്രാലയത്തിന്റെ ടൂറിസം ആപ്ലിക്കേഷന്‍ വഴി ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വിന്റര്‍ സീസണ്‍ ഫെസ്റ്റിവല്‍ 10 കേന്ദ്രങ്ങളിലായിരുന്നു. ഈ വര്‍ഷം പുതിയ എട്ട് കേന്ദ്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory