റിയാദ്: സൗദി അറേബ്യയിലെ വാദിദവാസിറില്‍ ജയിലിലായിരുന്ന മലയാളി യുവാവ് മോചിതനായി. സൗദി പൗരന്റെ കാരുണ്യപരമായ ഇടപെടലിനെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്. മലപ്പുറം തിരുന്നാവായ ഇടക്കുളം സ്വദേശി ചെറുപറമ്പില്‍ നൗഫലിനാണ് ജീവിതം തിരിച്ചുകിട്ടിയത്.
ഒന്നരവര്‍ഷമായി ജയിലിലായിരുന്നു അദ്ദേഹം. വാഹനാപകട കേസിലായിരുന്നു അദ്ദേഹം ജയിലിലായത്. 2019 ഓഗസ്റ്റിലായിരുന്നു വാഹനാപകടം. ഏഴു സ്വദേശി വനിതകളെയും കൊണ്ട് യാത്ര ചെയ്യുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരണപ്പെടുകയും മറ്റുള്ളവര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനം ഓടിച്ചിരുന്ന നൗഫല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സൗദി ട്രാഫിക് നിയമ പ്രകാരം ജയിലിലാവുകയായിരുന്നു.
വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. പിഴയടയ്ക്കാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടുകയായിരുന്നു. ഇതിനിടെ സംഘടന സ്വദേശി പൗരന്മാരെ കാര്യങ്ങള്‍ ബോധിപ്പിക്കുകയും പ്രദേശത്തെ പൗരപ്രമുഖരുടെ സഹായത്തോടെ മരിച്ച സ്ത്രീയുടെ ബന്ധുക്കളെ നേരില്‍ കണ്ട് നഷ്ടപരിഹാരത്തുക കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു. ഒടുവില്‍ നഷ്ടപരിഹാരം 60,000 റിയാലായി കുറയ്ക്കാന്‍ കുടുംബം തയ്യാറാവുകയായിരുന്നു.
പ്രദേശത്തെ ഒരു സൗദി പൗരന് ഇതില്‍ 45,000 റിയാല്‍ നല്‍കിയതാണ് വഴിത്തിരിവായത്. നൗഫലിന്റെ സഹോദരി ഭര്‍ത്താവും സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിഭാഗവും ബാക്കി തുകയായ 15,000 റിയാല്‍ കണ്ടെത്തുകയും അത് കുടുംബത്തിന് നല്കി കേസ് ഒത്തുതീര്‍പ്പാക്കുകയുമായിരുന്നു.