സൗദി എയര്‍ലൈന്‍സില്‍ പുതിയ ബാഗേജ് സംവിധാനം; അനുവദിക്കുക ഒറ്റ ബാഗേജ് മാത്രം

baggage

ജിദ്ദ: സൗദി എയര്‍ലൈന്‍സില്‍ സാധാരണക്കാരെ ബാധിക്കുന്ന പുതിയ ബാഗേജ് പരിഷ്‌കാരം. സൗദി എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിങില്‍ പുതിയ നിരക്കും ക്ലാസും ആരംഭിച്ചു.

ഇന്ത്യയിലേക്കടക്കുള്ള അന്തരാഷ്ട്ര സര്‍വീസുകളില്‍ ഏര്‍പ്പെടുത്തിയ മള്‍ട്ടി ക്ലാസ് സംവിധാനത്തില്‍ നിരക്കു കുറഞ്ഞ ടിക്കറ്റിന് ഇനി മുതല്‍ 23 കിലോയുടെ ഒരു ബാഗേജ് മാത്രമേ സൗജന്യമായി അനുവദിക്കുകയുള്ളൂ.

നിരക്ക് കൂടതലുള്ള ക്ലാസുകളില്‍ നേരത്തെ ഉള്ളത് പോലെ 23 കിലോയുടെ രണ്ട് ബാഗേജുകള്‍ അനുവദിക്കും. ബുധനാഴ്ച്ച മുതലാണ് പുതിയ ക്ലാസുകള്‍ നിലവില്‍ വന്നത്. ഇതുവരെ എടുത്ത ടിക്കറ്റുകളില്‍ 23 കിലോയുടെ രണ്ട് ബാഗേജ് തന്നെ സൗജന്യമായി കൊണ്ടു പോകാം.

ബേസിക് ക്ലാസുകളില്‍ ഉള്‍പ്പെടുന്ന വി,എന്‍,ടി എന്നിവയിലാണ് ബാഗേജ് ചുരുക്കിയിരിക്കുന്നത്. ക്യു, എല്‍, എച്ച്, കെ ക്ലാസുകളില്‍ 23 കിലോയുടെ രണ്ട് സൗജന്യ ബാഗേജ് തന്നെ അനുവദിക്കും.
വി, എന്‍, ടി ക്ലാസുകളില്‍ അമേരിക്കയിലേക്ക് പോകുന്നവര്‍ക്ക് രണ്ട് ബാഗേജ് ആനുകൂല്യം ലഭിക്കും.

ടിക്കറ്റ് പര്‍ച്ചേസ് ചെയ്യുമ്പോള്‍ നിരക്കും ക്ലാസും ശ്രദ്ധിച്ചില്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ അധിക ബാഗേജിന് കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും. കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാവുന്നതാണ് പുതിയ തീരുമാനം.