Monday, April 12, 2021
Home Uncategorized ക്യാമറമാന്റെ പണി എ.ഐ ക്യാമറയെ ഏല്‍പ്പിച്ചപ്പോള്‍ എട്ടിന്റെ പണി; റഫറിയുടെ കഷണ്ടിത്തല ഫുട്​ബാളാണെന്ന്​ കരുതി ക്യാമറ

ക്യാമറമാന്റെ പണി എ.ഐ ക്യാമറയെ ഏല്‍പ്പിച്ചപ്പോള്‍ എട്ടിന്റെ പണി; റഫറിയുടെ കഷണ്ടിത്തല ഫുട്​ബാളാണെന്ന്​ കരുതി ക്യാമറ

ഗ്ലാസ്‌കോ: ക്യാമറമാന്റെ പണി എ.ഐ ക്യാമറയെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറ) ഏല്‍പ്പിച്ചപ്പോള്‍ എട്ടിന്റെ പണി. സ്‌കോട്‌ലാന്‍ഡിലെ കാലിഡോണിയന്‍ സ്‌റ്റേഡിയത്തിലെ മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം. ഫുട്ബാളാണെന്ന് കരുതി എ.ഐ ക്യാമറ നല്ലൊരു സമയവും ലൈന്‍ റഫറിയുടെ കഷണ്ടിത്തലയെ ഫോക്കസ് ചെയ്തതോടെ മത്സരം ടി.വിയില്‍ കാണാനിരുന്ന ആരാധകര്‍ക്ക് മത്സരത്തിന്റെ ലൈവ് ടെലിക്കാസ്റ്റിങ് നഷ്ടമായി.

കാലിഡോണിയന്‍ തിസ്‌ലും ഐര്‍ യുനൈറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ്‌റ്റേഡിയത്തില്‍ ആള്‍പ്പെരുമാറ്റം കുറക്കാനായി ക്യാമറമാന്‍മാരെ വെട്ടിക്കുറച്ച് ആ പണി ബാള്‍ട്രാക്കിങ് സംവിധാനമുള്ള എ.ഐ ക്യാമറക്ക് നല്‍കിയതായിരുന്നു സംഘാടകര്‍. എന്നാല്‍, കിക്കോഫ് വിസില്‍ മുഴങ്ങിയതിനു പിന്നാലെ ടി.വിയില്‍ കളി കണ്ടവര്‍ നിരാശരായത്. വൈഡ് ആങ്കിളിലേക്ക് കളി പോകുമ്പോള്‍ പന്തിന് പകരം ടച്ച് ലൈനിന് പുറത്ത് അങ്ങോട്ടും ഇങ്ങോട്ടുമായി ഓടുന്ന ലൈന്‍ റഫറിയെ തന്നെ സ്‌ക്രീനില്‍ കാണുന്നു. വല്ലപ്പോഴുമാണ് പന്തും കളിക്കാരും ഫോകസ് ചെയ്യപ്പെടുന്നത്. മിനിറ്റുകള്‍ കഴിഞ്ഞാണ് സംഗതി മനസ്സിലായത്. കഷണ്ടിത്തലയനായ ലൈന്‍ റഫറിയുടെ തിളങ്ങുന്ന തലയെ പന്തായി തെറ്റിദ്ധരിച്ച ‘എ.ഐ കാമറ’ ഫോകസ് അവിടെ മാത്രമാക്കി.

കളി പുരോഗമിക്കുന്നതിനിടെ കമേന്ററേറ്റര്‍മാര്‍ ക്ഷമാപണവും നടത്തുന്നുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സംഭവം വൈറലായതോടെ കരാര്‍ ചുമതലയുണ്ടായിരുന്നു ക്യാമറ കമ്പനി മാപ്പ് അപേക്ഷിക്കുന്നതിനോടൊപ്പം പ്രശ്‌നം പരിഹരിക്കുമെന്നും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി.

Most Popular