കുവൈത്ത്: ഇന്ത്യയിലേക്കു യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിബന്ധനയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും. ജസ്റ്റിസ് പി. വി. ആശ അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കോവിസ് പരിശോധന നടത്തി നാട്ടിലേക്കെത്തുന്ന പ്രവാസികള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വീണ്ടും വന്‍തുക നല്‍കി കോവിഡ് പരിശോധന നടത്തണം എന്ന നിബന്ധന പിന്‍വലിക്കണം എന്നാവശ്യപെട്ടുകൊണ്ടു കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കു നിവേദനം നല്‍കി എങ്കിലും നടപടി സ്വീകരിക്കാത്തതിനെതുടര്‍ന്നാണ് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രെസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന കേരള ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.
വിദേശത്തുനിന്നും വാക്‌സിനേഷന്‍ നടത്തി നാട്ടിലേക്കു വരുന്നവര്‍ പോലും ക്വാറന്റൈന്‍ ഉള്‍പ്പെടെഉള്ള നടപടിക്കു വിധേയരാകണമെന്നുള്ള നിബന്ധനയും എടുത്തുകളയണമെന്ന ആവശ്യവും പ്രവാസി ലീഗല്‍ സെല്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു, എങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ വ്യവസ്ഥകളും പാലിച്ചു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്രആരംഭിച്ചു മണിക്കൂറുകള്‍ക്കകം വന്‍തുക നല്‍കി വീണ്ടും ടെസ്റ്റ് നടത്തണം എന്നുള്ള നിബന്ധന കടുത്ത സാമ്പത്തീക ചൂഷണം മാത്രമല്ല ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനവുമാണെന്നും ചൂണ്ടി കാണിച്ചുകൊണ്ടാണ് പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായ വിധി കേരള ഹൈക്കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതായിപ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ്, ജനല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.