Monday, September 27, 2021
Home Uncategorized ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന ഖ്യാതിയുള്ള അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നു. അടുത്ത വര്‍ഷമാദ്യം ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട് ടീം രണ്ടുടെസ്റ്റുകള്‍ അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തില്‍ കളിക്കും. ഇതിലൊരു ടെസ്റ്റ് ഡേ നൈറ്റ്-പിങ്ക് ബാള്‍ ടെസ്റ്റായിരിക്കും. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാകും നടക്കുക. എന്നാല്‍ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ”രണ്ട് ടെസ്റ്റുകളും അഞ്ച് ട്വന്റി 20കളും അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടക്കും. മൂന്നാം ടെസ്റ്റ് ഡേ നൈറ്റായിരിക്കും. ഇത് ഫെബ്രുവരി 24 മുതലാകും നടക്കുക” – ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

ഈ വര്‍ഷമാദ്യം ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപാണ് നവീകരിച്ച സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 1982ല്‍ ഉദ്ഘാടനം ചെയ്ത ഈ സ്‌റ്റേഡിയത്തില്‍ ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങളും 24 ഏകദിന മത്സരങ്ങളും അരങ്ങേറിയിട്ടുണ്ട്. 700 കോടിയിലേറെ ചെലവഴിച്ച് ഈ സ്‌റ്റേഡിയം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നവീകരിക്കുകയായിരുന്നു. നവീകരിച്ച 75 കോര്‍പറേറ്റ് ബോക്‌സുകള്‍, ക്രിക്കറ്റ് അക്കാദമി, ഇന്‍ഡോര്‍ പ്രാക്ടീസ്, ആധുനിക മീഡിയ ബോക്‌സ്, 3000 കാറുകള്‍ക്കും 100000 ഇരുചക്ര വാഹനങ്ങള്‍ക്കുമുള്ള പാര്‍ക്കിങ്, നീന്തല്‍കുളങ്ങള്‍, ജിംനേഷ്യം, രണ്ട് ചെറുസ്‌റ്റേഡിയങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്.

1,10,000 സീറ്റിങ് കപ്പാസിറ്റിയുള്ള അഹമ്മദാബാദ് സ്‌റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായിരിക്കും. 1,00,024 സീറ്റിങ് കപ്പാസിറ്റിയുള്ള ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് നിലവില്‍ ഒന്നാമത്.

Most Popular